ഉദയ്‌പൂര്‍ (രാജസ്ഥാന്‍) : മുട്ടിലിഴയുന്ന കുഞ്ഞുങ്ങള്‍ കണ്ണില്‍ക്കണ്ട വസ്‌തുക്കള്‍ വിഴുങ്ങുന്നതും പ്രായം കുറഞ്ഞ കുട്ടികള്‍ നാണയം വിഴുങ്ങുന്നതുമെല്ലാമായുള്ള വാര്‍ത്തകള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. പ്രായാധിക്യം മൂലമുള്ള ഓര്‍മക്കുറവ് കൊണ്ടോ അല്ലെങ്കില്‍ അബദ്ധത്തിലോ ഇത്തരം സംഭവങ്ങള്‍ വയോധികര്‍ക്കിടയിലും കണ്ടുവരാറുണ്ട്. എന്നാല്‍ ആരോഗ്യവാനായ ഒരു മധ്യവയസ്‌കന്‍ പല്ലുതേയ്ക്കുന്ന ബ്രഷ് വിഴുങ്ങിയ സംഭവമാണ് നിലവില്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ഉദയ്‌പൂരിലെ ചിത്തോറിലാണ് പല്ലുതേയ്ക്കുന്നതിനിടെ മധ്യവയസ്‌കന്‍റെ വായയുടെ അകത്തേക്ക് ബ്രഷ് അബദ്ധത്തില്‍ കടന്നുപോവുന്നത്. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ ഇയാളെ സമീപത്തുള്ള ജിബിഎച്ച് അമേരിക്കൻ ഹോസ്പിറ്റലിൽ എത്തിച്ചു. ആദ്യമൊന്ന് അത്ഭുതപ്പെട്ടുവെങ്കിലും അല്‍പസമയത്തെ പരിശ്രമത്തിനൊടുവില്‍ ഡോക്‌ടര്‍മാര്‍ ശസ്‌ത്രക്രിയയൊന്നും കൂടാതെ തന്നെ ബ്രഷ് പുറത്തെടുക്കുകയായിരുന്നു.
സംഭവം ഇങ്ങനെ : പല്ലുതേയ്ക്കുന്നതിന്‍റെ ഭാഗമായി അവ ഉപയോഗിച്ച് വായ വൃത്തിയാക്കുന്നതിനിടെ ഇയാള്‍ ഉപയോഗിച്ച ബ്രഷ് അണ്ണാക്കില്‍ തട്ടുകയായിരുന്നു. ഇതിന്‍റെ ബുദ്ധിമുട്ടില്‍ ഛര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിനിടെ ബ്രഷ് വായയുടെ അകത്തേക്ക് തെന്നിപ്പോവുകയായിരുന്നു. സംഭവമറിഞ്ഞ് ഭാര്യയും മക്കളും ഒരുമിച്ച് കൂടി ഒരുകൈ നോക്കിയെങ്കിലും ബ്രഷ് തിരികെയെടുക്കാനായില്ല. ഇതോടെ ബന്ധുക്കൾ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇവിടെയും ടൂത്ത് ബ്രഷ് നീക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് ഇയാളെ ജിബിഎച്ച് അമേരിക്കൻ ഹോസ്പിറ്റലിൽ എത്തിക്കുന്നത്.
Also Read: 45കാരന്‍റെ തൊണ്ടയില്‍ കൃഷ്‌ണ വിഗ്രഹം കുടുങ്ങി ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്‌ടര്‍മാര്‍
ആശുപത്രിയിലെത്തിയ ഉടനെ അയാളെ സിടി സ്‌കാനിന് വിധേയമാക്കിയപ്പോള്‍ വയറിന് മുകള്‍ഭാഗത്തായി ടൂത്ത് ബ്രഷ് കുടുങ്ങിയ നിലയില്‍ കണ്ടെത്തി. ഇതോടെ എൻഡോസ്കോപ്പിക് നടപടിക്രമത്തിലൂടെ ഇത് നീക്കം ചെയ്യാമെന്ന് ഡോ. ശശാങ്ക് ജെ ത്രിവേദി നിര്‍ദേശം മുന്നോട്ടുവച്ചു. ഇതിനായി അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.തരുൺ ഭട്‌നാഗർ, ഡോ.വികാസ് അഗർവാൾ എന്നിവരുടെ സഹായവും അദ്ദേഹം തേടി. അങ്ങനെ എൻഡോസ്കോപ്പിക് നടപടിക്രമം പൂര്‍ത്തിയാക്കി സംഘം രോഗിയുടെ വായിലൂടെ 12 സെന്‍റീമീറ്ററുള്ള ടൂത്ത് ബ്രഷ് നീക്കം ചെയ്യുകയായിരുന്നു.
ഡോക്‌ടറുടെ പ്രതികരണം : ആഗോളതലത്തിൽ ഇതുവരെ ഇത്തരം അമ്പത് ടൂത്ത് ബ്രഷ് വിഴുങ്ങൽ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്ന് ഡോ.ശശാങ്ക് പ്രതികരിച്ചു. രാജ്യത്ത് മുമ്പ് 2019ൽ ഡൽഹി എയിംസിലും സമാനമായ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ രാജസ്ഥാനിൽ ടൂത്ത് ബ്രഷ് വിഴുങ്ങിയ ആദ്യ കേസാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രഷ് തിരികെയെടുത്തതിന് ശേഷം രോഗിയെ എൻഡോസ്കോപ്പിക് നടപടിക്രമത്തിലൂടെ കുടൽ വരെ പരിശോധിച്ചുവെന്നും ടൂത്ത് ബ്രഷ് മൂലമുള്ള തടസമോ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഡോ.ശശാങ്ക് അറിയിച്ചു. ഒരു ദിവസം ഐസിയുവിൽ കിടത്തിയ ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തുവെന്നും ഈ കേസ് ലോകാരോഗ്യ സംഘടനയുടെ ജനറൽ ഓഫ് സർജറി ആന്‍റ് രജിസ്‌ട്രേഷനില്‍ പ്രസിദ്ധീകരിക്കുന്നതിനായി അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.