ഉജ്ജയിന്‍ (മധ്യപ്രദേശ്): ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ ശേഷം മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്‌തു (Man Killed Wife And Daughter in Ujjain). വീട്ടില്‍ നായയെ വളര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. മധ്യപ്രദേശ് ഉജ്ജയിനിലെ ബദ്‌നഗർ (Ujjain Badnagar man suicide after two murder) സ്വദേശിയാണ് ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. ഇവരുടെ മറ്റ് രണ്ട് കുട്ടികള്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്നലെ (ഓഗസ്റ്റ് 19) രാത്രിയിലാണ് ദാരുണമായ സംഭവം. വീട്ടില്‍ നായയെ വളര്‍ത്തുന്നതിനെ ചൊല്ലി ദിലീപ് പവാര്‍ എന്ന മധ്യവയസ്‌കന്‍ ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. വാക്കേറ്റത്തിന് പിന്നാലെ ഇയാള്‍ വളര്‍ത്തുനായയെ കൊല്ലാന്‍ ശ്രമിച്ചു. ഈ സമയം ഇയാളുടെ ഭാര്യ ഗംഗ ദിലീപ് പവാറിനെ തടയാന്‍ ശ്രമിച്ചിരുന്നു.
ഇതിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് ഗംഗ കൊല്ലപ്പെടുന്നത്. തന്‍റെ മകളെയും ദിലീപ് പവാര്‍ ഈ സമയം കൊലപ്പെടുത്തിയിരുന്നു. ദിലീപ് പവാറിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ ഇയാളുടെ രണ്ട് ആണ്‍കുട്ടികള്‍ സ്ഥലത്ത് നിന്നും ഓടിയാണ് രക്ഷപ്പെട്ടത്.
പരിക്കേറ്റ ഈ കുട്ടികള്‍ ബദ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളര്‍ത്തുനായയുടെ കുരയില്‍ പ്രകോപിതനായാണ് ദിലീപ് പവാര്‍ അതിനെ മര്‍ദിക്കാന്‍ ശ്രമിച്ചതെന്നും ഭാര്യയേയും മകളേയും കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
12കാരനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍ : നായയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ പന്ത്രണ്ടുകാരനെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഉത്തര്‍ പ്രദേശ് ഖുഷിനഗര്‍ ജില്ലയിലെ തോല ശിവ്‌പെട്ടിയിലെ സ്ഥിരതാമസക്കാരനായ ഷംസുദ്ധീനെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ അയല്‍വാസിയുടെ മകനായിരുന്നു കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സ്ഥിരമായി പ്രദേശത്തെ ഒരു തെരുവ് നായക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്നു. ഇക്കാരണം കൊണ്ട് തന്നെ ഈ നായ ഇവരുടെ വീടിന് മുന്നിലായിരുന്നു പതിവായി കിടന്നിരുന്നത്. കൊലപാതകത്തിന് ദിവസങ്ങള്‍ മുന്‍പ് പ്രതിയായ ഷംസുദ്ധീന്‍ ഇവരുടെ വീടിന് മുന്നിലൂടെ പോയപ്പോള്‍ ഈ നായ കുരച്ചിരുന്നു.
ഇതില്‍ പ്രകോപിതനായ ഷംസുദ്ധീന്‍ നായയെ മര്‍ദിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട 12കാരന്‍റെ കുടുംബം ഷംസുദ്ധീനെ തടയുകയും ഇയാളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തു. ഇതിന് ശേഷമായിരുന്നു കുട്ടിയെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു ഇയാള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ ഇയാള്‍ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി മര്‍ദിക്കുകയും അഴുക്ക് ചാലിലേക്ക് തള്ളി വിടുകയുമായിരുന്നെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നതായും പൊലീസ് അറിയിച്ചു.