ന്യൂഡൽഹി: നജാഫ്‌ഗഡിൽ ജന്മദിനാഘോഷ പാർട്ടിക്കിടെ വെടി വയ്പ്പ്. ഒരാൾ കൊല്ലപ്പെട്ടു. 28കാരനായ പ്രതി പൊലീസ് പിടിയിൽ. നവീൻ കുമാർ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അനൂജ് ശർമ എന്നയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. അനൂജ് ശർമയുടെ സഹോദരന്‍റെ ജന്മദിനാഘോഷത്തിനിടയിലായിരുന്നു വെടിവെപ്പുണ്ടായത്.
പാട്ട് വെക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിലാണ് മദ്യലഹരിയിലായിരുന്ന നവീൻ അനൂജിന് നേരെ നിറയൊഴിച്ചത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അനൂജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കസ്റ്റഡിയിലായ പ്രതി ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. കേസിന്‍റെ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് കൂട്ടിചേർത്തു.