കട്ടക്ക് : രാജ്യവ്യാപകമായി ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണ് തക്കാളി വില. അതുകൊണ്ട് തന്നെ തക്കാളിയാണ് വാര്‍ത്തകളിലെ താരം. മകളുടെ ജന്മദിനത്തില്‍ മധുരത്തിന് പകരം തക്കാളി വിതരണം, തക്കാളി കൊണ്ട് തുലാഭാരം തുടങ്ങി കൊലപാതകവും മോഷണവും തട്ടിക്കൊണ്ടുപോകലും വരെ ഈ പച്ചക്കറിയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്.
ഇന്നലെ ഒഡിഷയിലെ കട്ടക്കിലെ ഛത്ര ബസാറിലാണ് വിചിത്രമായ മറ്റൊരു സംഭവം അരങ്ങേറിയത്. പച്ചക്കറി വാങ്ങാനായി മാർക്കറ്റിലെത്തിയയാൾ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പണയപ്പെടുത്തി രണ്ട് കിലോ തക്കാളിയുമായി മുങ്ങുകയായിരുന്നു. വാഷിങ് മെഷീൻ മറ്റൊരിടത്തേക്ക് മാറ്റുന്ന ജോലിക്കായി വിളിച്ച കുട്ടികളെയാണ് ഇയാൾ മാർക്കറ്റിൽ പണയപ്പെടുത്തി കടന്നുകളഞ്ഞത്.
സംഭവം ഇങ്ങനെ : തക്കാളി മോഷണത്തിനിറങ്ങിയ പ്രതി കുട്ടികളെ ജോലിക്കെന്ന വ്യാജേനയാണ് വഞ്ചിച്ചത്. വാഷിങ് മെഷീൻ മാറ്റിവയ്‌ക്കുന്നതിനായി പണം നൽകാമെന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തതായി കുട്ടികൾ പറഞ്ഞു. ജോലിക്കായി കൂടെക്കൂട്ടിയ തട്ടിപ്പുകാരൻ കുട്ടികളുമായി പോയത് ഛത്ര ബസാറിലെ പച്ചക്കറി മാർക്കറ്റിലേക്കായിരുന്നു.
മാർക്കറ്റിലെ ഒരു കടയിൽ നിന്ന് രണ്ട് കിലോഗ്രാം തക്കാളി വാങ്ങിയ ശേഷം പണം കൊണ്ടുവരാൻ മറന്നുവെന്നും തിരികെ വരുന്നത് വരെ കുട്ടികളെ ഇവിടെ നിർത്താമെന്നും കടക്കാരനോട് കള്ളംപറഞ്ഞ് സ്ഥലം വിടുകയായിരുന്നു. കടക്കാരനോട് സംസാരിച്ച ശേഷം തട്ടിപ്പുകാരൻ പണം വാഹനത്തിൽ മറന്നുവച്ചിരിക്കുകയാണെന്നും ഇരുവരോടും പച്ചക്കറി കടയിൽ കാത്തിരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. നിമിഷങ്ങൾക്കകം രണ്ട് കിലോ തക്കാളിയുമായി പോയ ഇയാൾ രണ്ട് മണിക്കൂറിന് ശേഷവും തിരികെവന്നില്ല. ഇതോടെയാണ് തങ്ങൾ കബളിക്കപ്പെട്ടതായി കുട്ടികൾ മനസിലാക്കിയത്.
ജോലി വാഗ്‌ദാനത്തിൽ വീണ് കുട്ടികൾ; തുടർന്ന് ക്ഷുഭിതനായ കടയുടമ കുട്ടികളെ ചോദ്യം ചെയ്‌തെങ്കിലും തക്കാളിയുമായി മുങ്ങിയയാളെക്കുറിച്ചുള്ള വിവരങ്ങൾ കുട്ടികൾക്ക് നൽകാനായില്ല. 'ഞങ്ങൾ ഭുവനേശ്വറിൽ നിന്നുള്ള ആളുടെ കൂടെയാണ് വന്നത്. വാഷിങ് മെഷീൻ മറ്റൊരിടത്തേക്ക് മാറ്റുന്നതിന് 300 രൂപ തരാമെന്ന് അവൻ വാഗ്‌ദാനം ചെയ്‌തിരുന്നു. പണം എടുക്കാൻ പോകുകയാണെന്ന് പറഞ്ഞ അയാൾ ഈ കടയിൽ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആളെ തിരിച്ചറിയാനുള്ള വിവരങ്ങളൊന്നും തങ്ങളുടെ പക്കലില്ലെന്നും കുട്ടികൾ കടക്കാരനോട് പറഞ്ഞു. ഇതോടെയാണ് കുട്ടികളോടൊപ്പം തങ്ങളും വഞ്ചിക്കപ്പെട്ടതായി മാർക്കറ്റിലെ കടക്കാർക്കും വ്യക്തമായത്.
'അയാൾ രണ്ട് കിലോ തക്കാളിയുമായി സ്ഥലം വിട്ടു. എന്‍റെ പണം തിരികെ കിട്ടുന്നത് വരെ ആൺകുട്ടികളെ വെറുതെ വിടാൻ കഴിയില്ലെന്നും കടയുടമ കൂട്ടിച്ചേർത്തു. തട്ടിപ്പ് നടത്തിയയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ വ്യവസായികൾ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
'ഗോദ്റേജിന്‍റെ പൂട്ടും' മതിയാകില്ല; കഴിഞ്ഞ ദിവസമാണ് തെലങ്കാനയിൽ ഹെൽമെറ്റ് ധരിച്ചെത്തിയയാള്‍ കടയിൽ നിന്ന് തക്കാളി മോഷ്‌ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. സഹീറാബാദിലെ പച്ചക്കറി മാർക്കറ്റിലാണ് മോഷണം നടന്നത്. പ്രദേശത്തെ ഒരു കർഷകൻ കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂലൈ 28) 40 പെട്ടി തക്കാളി വിൽക്കാനായി മാർക്കറ്റിൽ എത്തിച്ചിരുന്നു.
തൊട്ടടുത്ത ദിവസം മൊത്തലേലം നടക്കുന്നതിനാൽ പെട്ടികൾ മാർക്കറ്റിലെ തന്നെ കമ്മിഷൻ ഏജന്‍റിന്‍റെ കടയിൽ സൂക്ഷിച്ചു. എന്നാൽ അർധരാത്രിയ്‌ക്ക് ശേഷം, ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്‌ടാവ് മൂന്ന് പെട്ടി തക്കാളി കവരുകയായിരുന്നു.
ഏകദേശം 10,000 രൂപയുടെ തക്കാളിയാണ് മോഷ്‌ടിക്കപ്പെട്ടതെന്ന് കമ്മിഷൻ ഏജന്‍റ് പറഞ്ഞു. കർഷകന്‍റെയും കമ്മിഷൻ ഏജന്‍റിന്‍റെയും പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.