തിരുനെല്‍വേലി: ശുദ്ധവായു, ശുദ്ധവെള്ളം, ശുദ്ധ ഭക്ഷണം.. ഏത് മനുഷ്യനും ആഗ്രഹിക്കുന്നതാണ് ഇതെല്ലാം. പക്ഷേ ഇതൊക്കെ സാധ്യമാകണമെങ്കില്‍ മണ്ണില്‍ പണിയെടുത്ത് പ്രകൃതിയോടിണങ്ങി ജീവിക്കണം. പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടെ മണ്ണിനെ സ്നേഹിക്കാൻ പറഞ്ഞാല്‍ ആളുകൾ ചിരിക്കും. പണം കൊടുത്ത് എന്തും വാങ്ങാമെന്ന ചിന്ത കൂടിയാകുമ്പോൾ ഇതെല്ലാം ഒരു ദിവാസ്വപ്‌നം മാത്രം.
ഇനി പറയുന്നത്... ഗൾഫില്‍ ആറക്ക ശമ്പളമുള്ള മെക്കാനിക്കല്‍ എൻജിനീയറുടെ ജോലി ഉപേക്ഷിച്ച് സ്വന്തം മണ്ണില്‍ അധ്വാനിക്കാൻ തീരുമാനിച്ച ഒരു മനുഷ്യനെ കുറിച്ചാണ്. പേര് ഓം പ്രകാശ്. മുപ്പത് വയസ്. വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് ജീവിതത്തിലെ സന്തോഷവും ജനിച്ച മണ്ണിന്‍റെ ജീവശ്വാസവും ഓംപ്രകാശ് തിരിച്ചറിയുന്നത്. 2018ല്‍ ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ തിരുനെല്‍വേലിയിലെ ശിവന്തിപുരത്തെത്തി.
ജൈവ കാർഷിക വിഭവങ്ങളുടെ വില്‍പ്പന ആരംഭിക്കാനായിരുന്നു ആദ്യ പരിപാടി. പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പക്ഷേ അയാളുടെ തീരുമാനം ഉറച്ചതായിരുന്നു. ലാഭനഷ്‌ടങ്ങളുടെ കണക്കെടുപ്പായി അയാൾ ജീവിതത്തെ കണ്ടില്ല. സ്വന്തം വില്ലേജില്‍ രണ്ട് ഏക്കർ സ്ഥലം വാങ്ങി കൃഷി ആരംഭിച്ചു. പൂർണമായും ജൈവ രീതിയില്‍ കൃഷിയും നാടൻ പശുപരിപാലനവും.
തെൻപാണ്ടി, ചെങ്കല്‍പേട്ട് കുള്ളൻ എന്നി നാടൻ ഇനത്തില്‍ പെട്ട പശുക്കളെയാണ് ഓംപ്രകാശ് വളർത്തിയത്. നഷ്‌ടം കൂടിവരുമ്പോൾ നാട്ടുകാർ പറയും, ഇതൊന്നും ശരിയാകില്ല. പക്ഷേ നിരുത്സാഹപ്പെടുന്നുവരോട് മറുപടി പറയാനല്ല അയാൾ സമയം കണ്ടെത്തിയത്. കൃഷിയില്‍ മുഴുവൻ സമയം ചെലവിടാനായിരുന്നു അയാളുടെ തീരുമാനം. ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബത്തിന്‍റെ ചെലവുകൾക്കായി ചാണകത്തില്‍ നിന്ന് ജൈവ സോപ്പ്, ജൈവവളം, ഗണേശ വിഗ്രഹങ്ങൾ, ചാരം തുടങ്ങിയ മൂല്യവർധിത ഉല്‍പ്പന്നങ്ങൾ ഉണ്ടാക്കി വില്‍പ്പന നടത്തി.
സൗരോർജത്തില്‍ നിന്ന് വൈദ്യുതിയും ബയോഗ്യാസില്‍ നിന്ന് പാചകവാതകവും ജീവിതമാർഗമാക്കി. രാവിലെ 10 മണി മുതല്‍ പുലർച്ചെ അഞ്ച് വരെ കൃഷിയും മൃഗപരിപാലനവും. മണ്ണ് കൊണ്ട് നിർമിച്ച വീടിനോട് ചേർന്നുള്ള കാലിത്തൊഴുത്തില്‍ പശുക്കൾക്കൊപ്പം കോഴി, കാട, താറാവ്. വ്യത്യസ്തമായ ഫലവൃക്ഷങ്ങളാണ് ഓംപ്രകാശിന്‍റെ കൃഷി സ്ഥലത്തിന്‍റെ പ്രത്യേകത. വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കൃഷി ഉപജീവനമാക്കിയതിനെ കുറിച്ച് പശ്‌ചാത്താപമില്ല. അഭിമാനം മാത്രം.
മൂക്ക് കയറില്ലാത്ത പശുക്കളുമായി സ്വന്തം മണ്ണിലൂടെ നടക്കുമ്പോൾ ഓംപ്രകാശിന്‍റെ മുഖത്തും മനസിലും എന്തെന്നില്ലാത്ത സന്തോഷം. ശുദ്ധ വായു ശ്വസിച്ച് സ്വന്തം മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിന്‍റെ മണമുള്ള മനുഷ്യന്‍റെ കഥ ഇവിടെ അവസാനിക്കുന്നില്ല.