ന്യൂഡൽഹി: മെട്രോ ട്രെയിനിന് മുന്നിലേയ്‌ക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്‌തു. ഡൽഹിയിലെ എയിംസ് മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ബിഹാർ സ്വദേശിയായ അമിത് സിങ്ങാണ് ട്രെയിനിന് മുന്നിലേയ്‌ക്ക് ചാടിയത്.
എയിംസ് മെട്രോ സ്‌റ്റേഷനിൽ ഒരാൾ ട്രെയിനിന് മുന്നിലേയ്‌ക്ക് ചാടിയതായി പൊലീസ് കൺട്രോൾ റൂമിലേയ്‌ക്ക് സന്ദേശം ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പൊലീസ് സംഘം സംഭവ സ്ഥലത്തേയ്‌ക്ക് എത്തുമ്പോഴേയ്‌ക്കും ഇയാളെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലേയ്‌ക്ക് മാറ്റിയിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ബിഹാർ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ട്രെയിനിന് മുന്നിലേയ്‌ക്ക് ചാടിയപ്പോൾ തലയ്‌ക്കേറ്റ ഗുരുതര പരിക്ക് മൂലം അമിത് സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. സിആർപിസി സെക്ഷൻ 174 പ്രകാരം അപകടത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അമിത് ട്രെയിനിന് മുന്നിലേയ്‌ക്ക് ചാടാനുണ്ടായ കാരണം വ്യക്തമല്ല. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
ട്രെയിനിൽ നിന്ന് തെന്നി വീണു: ജൂൺ 19 നാണ് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 110 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവാവ് പ്ലാറ്റ്‌ഫോമിലേയ്‌ക്ക് തെറിച്ച് വീണത്. എന്നാൽ അപകടത്തിൽ നിന്നും യുവാവ് അത്‌ഭുതകരമായി രക്ഷപ്പെട്ടു. ഷാജഹാൻപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്.
110 കിലോമീറ്റർ വേഗതയിൽ കടന്നുപോയ പട്‌ലിപുത്ര എക്‌സ്പ്രസിൽ നിന്ന് യുവാവ് പ്ലാറ്റ്‌ഫോമിലേയ്‌ക്ക് തെന്നിവീഴുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ട്രെയിനിൽ നിന്ന് വീണതിന് ശേഷം യുവാവ് പ്ലാറ്റ്‌ഫോമിൽ 100 മീറ്ററോളം തെന്നി നീങ്ങിയെങ്കിലും പ്ലാറ്റ്‌ഫോമിൽ നിന്ന എല്ലാവരേയും ആശ്ചര്യപ്പെടുത്തി യാതൊരു പരിക്കുകളും ഇല്ലാതെ അയാൾ എഴുന്നേറ്റ് നടക്കുകയായിരുന്നു. ഈ വിവരങ്ങൾ ഇടിവി ഭാരത് സ്ഥിരീകരിച്ചിട്ടില്ല.
ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു: ജൂൺ 25നാണ് ബംഗാളിൽ ബങ്കുരയിലെ ഒണ്ട റെയിൽവേ സ്റ്റേഷനിൽ രണ്ട് ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കാനുണ്ടായ സാഹചര്യം ഇതുവരെയും വ്യക്തമല്ല. എന്നാൽ അപകടത്തെ തുടർന്ന് അന്ന് ഖരഗ്‌പൂർ - ബങ്കുര - അദ്ര പാതയിലെ റെയിൽ ഗതാഗതം നിർത്തിവച്ചിരുന്നു.
അപകടത്തിൽ ഒരു ഗുഡ്‌സ് ട്രെയിനിന്‍റെ നിരവധി ബോഗികളും എഞ്ചിനും പാളം തെറ്റിയതായാണ് വിവരം. ഒഡിഷയിലെ ബാലസോറിൽ 275 പേരുടെ ജീവനെടുക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കാനും ഇടയായ ട്രെയിൻ അപകടം സംഭവിച്ച് ആഴ്‌ചകള്‍ക്ക് ശേഷമാണ് വീണ്ടും തീവണ്ടികള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
Read More : ബംഗാളിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു ; എട്ട് ബോഗികൾ പാളം തെറ്റി, ലോക്കോ പൈലറ്റിന് പരിക്ക്