ലഖ്‌നൗ : ഉത്തർ പ്രദേശിൽ ഒൻപത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്‌ക്ക് വധശിക്ഷ. കാൺപൂർ സ്വദേശിയായ സെയ്‌ഫിനാണ് മഥുരയിലെ പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്. തിങ്കളാഴ്‌ച ഇരു വിഭാഗത്തിന്‍റേയും വാദം കേട്ടശേഷം പോക്‌സോ കോടതി പ്രത്യേക ജഡ്‌ജി രാം കിഷോർ യാദവ് ശിക്ഷ വിധിക്കുകയായിരുന്നു.
15 പ്രവൃത്തി ദിവസം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിലാണ് വിധി പ്രസ്‌താവിച്ചത്. ഏപ്രിൽ ഒൻപതിനാണ് മഥുരയിലെ ഔറംഗബാദ് പ്രദേശത്ത് നിന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കാണാതായതായി സദർ ബസാർ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്. അടുത്ത ദിവസം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സെയ്‌ഫിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
കുറ്റം ഏറ്റുപറഞ്ഞ് പ്രതി : മരിച്ച കുട്ടിയുടെ ബന്ധുവിന്‍റെ കടയിലെ ജീവനക്കാരനാണ് സെയഫ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ താൻ ലൈംഗികമായി പീഡിപ്പിച്ചതായും ശേഷം കൊലപ്പെടുത്തുകയും മൃതദേഹം 500 മീറ്റർ അകലെ ഡ്രെയിനേജിന് സമീപം ഉപേക്ഷിക്കുകയും ചെയ്‌തതായി വെളിപ്പെടുത്തി. ശിക്ഷ വിധിച്ച കോടതി പ്രതിയ്‌ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇത് അടയ്ക്കാത്ത പക്ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി വിധിയിലുണ്ട്. പിഴയുടെ 80 ശതമാനം നിയമപരമായ അവകാശികളായ മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകും.
നാല് വയസുകാരിയെ കൊലപ്പെടുത്തിയതിന് വധശിക്ഷ : ഫെബ്രുവരിയിലാണ് ഉത്തർ പ്രദേശിലെ തന്നെ ഗാസിയാബാദിൽ നാലര വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയ്‌ക്ക് വധശിക്ഷ വിധിച്ചത്. ഗാസിയാബാദ് പോക്‌സോ കോടതിയായിരുന്നു ശിക്ഷ വിധിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരമാണ് പ്രതിയ്‌ക്ക് ശിക്ഷ നടപ്പാക്കിയത്.
2022 ഡിസംബര്‍ ഒന്നിനാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ ബലാത്സംഗത്തിനിരയാക്കിയ ശേഷം കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന വിവരം പൊലീസ് കണ്ടെത്തുകയായിരുന്നു.
also read : നാലര വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം : പ്രതിയ്‌ക്ക് വധശിക്ഷ വിധിച്ച് കോടതി
ഇൻസ്‌റ്റഗ്രാം സുഹൃത്തുക്കൾ ബലാത്സംഗം ചെയ്‌തു : കഴിഞ്ഞ ദിവസം ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്‌റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കൾ ബലാത്സംഗം ചെയ്‌തതായി കേസ് റിപ്പോർട്ട് ചെയ്‌തിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. പത്താം ക്ലാസ് പരീക്ഷ വിജയിച്ച പെൺകുട്ടിയ്‌ക്ക് രക്ഷിതാക്കൾ മൊബൈൽ ഫോൺ സമ്മാനമായി കെടുക്കുകയും പിന്നീട് ഇൻസ്‌റ്റഗ്രാം വഴി പ്രതികളുമായി പെൺകുട്ടി സൗഹൃദത്തിലാവുകയുമായിരുന്നു. പിന്നീട് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതികളിലൊരാൾ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിഷയം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പ്രതികൾ അറസ്‌റ്റിലാകുന്നത്.
also read : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്‌റ്റഗ്രാം സുഹൃത്തുക്കൾ ബലാത്സംഗം ചെയ്‌തു ; രണ്ടുപേർ അറസ്‌റ്റിൽ