ബാഗ (ബിഹാര്‍): വനം വകുപ്പിനെ വട്ടംകറക്കി നരഭോജി കടുവ. ബിഹാറിലെ ബാഗയില്‍ വെസ്‌റ്റ് ചമ്പാരനിലെ വാൽമീകി ടൈഗർ റിസർവിലാണ് (വിടിആർ) വനംവകുപ്പ് റെസ്‌ക്യൂ ടീമിനെ കടുവ ഭീതി വലക്കുന്നത്. അടുത്തിടെ താവളം മാറ്റിയ കടുവ നിലവില്‍ ബൈരിയ കാല ഗ്രാമത്തിലെ രാംനഗര്‍ ബ്ലോക്കിലുള്ള ഹരിഹർപൂർ ഗ്രാമത്തിലെ കരിമ്പ് പാടത്താണുള്ളത് എന്ന് വനംവകുപ്പിന് വിവരങ്ങള്‍ ലഭിച്ചുവെങ്കിലും അങ്ങോട്ടേക്ക് അടുക്കാന്‍ കഴിയാത്ത നിലയാണുള്ളത്.
കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് പേരെയാണ് കടുവ കൊലപ്പെടുത്തിയത്. നരഭോജിയായി മാറിയ കടുവയെ പിടികൂടിയില്ലെങ്കില്‍ ജനവാസ കേന്ദ്രങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാമെന്ന് വനം വകുപ്പ് മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കടുവയെ പിടിക്കാന്‍ നാല് ആനകളെയാണ് വനംവകുപ്പ് എത്തിച്ചിരിക്കുന്നത്.
കടുവ വളരെ കൗശലക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. കാരണം ഇന്നലെ (29.09.2022)കടുവയ്‌ക്കായി കെണി വച്ചെങ്കിലും വനം വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരുടെയും വേട്ടക്കാരുടെയും കണ്ണുവെട്ടിച്ചാണ് കടുവ തീറ്റയായി സൂക്ഷിച്ചിരുന്ന ആടിനെ തട്ടിയെടുത്തത്. എന്നാല്‍ ഇതിന് മുമ്പ് ചൊവ്വാഴ്‌ച (27.09.2022) തീറ്റയായി ആടിനെയും പോത്തിനെയും വെച്ച് കെണി ഒരുക്കിയെങ്കിലും കടുവ എത്തിയില്ല. പിന്നീട് ബുധനാഴ്‌ച കടുവ എത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.
നരഭോജി കടുവക്കായി കടുവ സങ്കേതത്തിന്‍റെ അതിർത്തിയിലുള്ള ബഗാഹ സബ് ഡിവിഷനു കീഴിലുള്ള ഹർനതാർഡ്, ചിയുതഹ ഫോറസ്‌റ്റ് റേഞ്ചുകളിൽ 150 ലധികം വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി രക്ഷാപ്രവർത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. ട്രാൻക്വിലൈസർ തോക്കുകൾ, പരിശീലനം ലഭിച്ച ആനകൾ, കൂടുകൾ എന്നിവയുമായാണ് സംഘം തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇതുകൂടാതെ കടുവയെ പിടികൂടാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ഷാർപ്പ് ഷൂട്ടർ നവാബ് ഷഫത്ത് അലി ഖാനെയും നിയോഗിച്ചിട്ടുണ്ട്.
ഇവര്‍ക്കൊപ്പം പട്‌ന മൃഗശാലയിലെ കടുവ വിദഗ്ധന്‍, വനം വകുപ്പ് ഡയറക്ടർ സുരേന്ദ്ര സിംഗ്, വിടിആർ ഡയറക്ടർ ഡോ. കെ. നേശ്മണി, ഡിഎഫ്ഒ പ്രദ്യുമ്ന ഗൗതം, ഡിഎഫ്ഒ വൈൽഡ് ലൈഫ് വെസ്റ്റ് ചമ്പാരൻ ഡോ. നീരജ് നാരായൺ എന്നിവരും മറ്റ് 15 ഉദ്യോഗസ്ഥരും നാല് ദിവസമായി വിടിആറിൽ ക്യാമ്പ് ചെയ്യുന്നുമുണ്ട്.