മധുര : തമിഴ്‌നാട്ടിലെ മധുരയില്‍ തിളയ്ക്കുന്ന കൂള്‍ (കൂഴ്/ഒരു തരം കഞ്ഞി) പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. മധുര സ്വദേശി മുത്തുകുമാര്‍ എ മുരുഗനാണ് മരിച്ചത്. ജൂണ്‍ 29ന് പഴങ്കനന്തത്തുള്ള മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലായിരുന്നു നടുക്കുന്ന സംഭവം.
തമിഴ്‌നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നായ 'ആടിവെള്ളി' മഹോത്സവത്തില്‍ കൂള്‍ തയ്യാറാക്കി ഭക്തര്‍ക്ക് വിതരണം ചെയ്യാറുണ്ട്. സംഭവ ദിവസം ക്ഷേത്രത്തിന് സമീപം ആറ് വലിയ പാത്രങ്ങളിലായി കൂള്‍ തയ്യാറാക്കുന്നതിനിടെ മുത്തുകുമാര്‍ പാത്രത്തിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ആളുകള്‍ ഓടിയെത്തിയെങ്കിലും പാത്രത്തിന്‍റെ ചൂട് കാരണം മുത്തുകുമാറിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് പാത്രത്തിലെ കൂള്‍ ഒഴിച്ചുകളഞ്ഞാണ് ഇയാളെ പുറത്തെടുത്തത്. ശരീരത്തില്‍ 65 ശതമാനം പൊള്ളലേറ്റ മുത്തുകുമാറിനെ മധുര ഗവണ്‍മെന്‍റ് രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഓഗസ്റ്റ് 2ന് മരണം സംഭവിക്കുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.