തുമകുരു (കര്‍ണാടക): ഭാര്യ കാമുകനൊപ്പം പോയതില്‍ മനംനൊന്ത് മക്കള്‍ക്ക് വിഷം നല്‍കി യുവാവ് ആത്‌മഹത്യ ചെയ്തു. കര്‍ണാടക തുമകുരു ജില്ലയിലെ പി എച്ച് കേളനിയില്‍ താമസിക്കുന്ന സമീയുള്ള ആണ് മരിച്ചത്. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ മൂന്ന് മക്കളുടെയും നില അതീവ ഗുരുതരമാണ്.
സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഇയാളുടെ ഭാര്യ സാഹിറ ബാനു, തന്നെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതില്‍ മനം നൊന്താണ് സമീയുള്ള മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ചത്. ഭര്‍ത്താവും മതാപിതാക്കളും അറിയാതെയാണ് സാഹിറ ബാനു വിദേശത്തേക്ക് പോയത്. സൗദി അറേബ്യയിലെത്തിയ സാഹിറ കാമുകനൊപ്പം താമസം തുടങ്ങി.
കാമുകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും സമീയുള്ളക്ക് അയച്ചു കൊടുക്കുകയും ചെയ്‌തു. കാമുകന്‍ ഒപ്പമുള്ള സമയങ്ങളില്‍ സാഹിറ, ഭര്‍ത്താവ് സമീയുള്ളയെ വീഡിയോ കോള്‍ വിളിച്ചിരുന്നതായും അപ്പോഴെല്ലാം കാമുകനെ കാണിച്ച് ഭര്‍ത്താവിനെ പരിഹസിച്ചിരുന്നതായും പൊലീസ് പറഞ്ഞു. തിരിച്ചു വരാന്‍ സമീയുള്ള കരഞ്ഞു പറഞ്ഞിട്ടും സാഹിറ മടങ്ങി വന്നില്ലെന്ന് ഇവരുടെ അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
അമ്മ ഇനി തിരിച്ചുവരില്ലെന്ന് പറഞ്ഞാണ് സമീയുള്ള തന്‍റെ മൂന്ന് മക്കള്‍ക്കും വിഷം നൽകിയത്. തുടര്‍ന്ന് സമീയുള്ളയും വിഷം കഴിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സമീയുള്ളയെ രക്ഷിക്കാനായില്ല.