ഹയാത്‌നഗർ : ഹൈദരാബാദിലെ ഹയാത്‌നഗറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. മെയ് 29നാണ് ഹയാത് നഗറിനടുത്തുള്ള ഡോക്‌ടേഴ്‌സ് കോളനിയിൽ കുന്ത്ലൂരിൽ മുലുഗു ജില്ലയിലെ പഞ്ചോതകുളപ്പള്ളി സ്വദേശിയായ രാജേഷിന്‍റെ (25) മൃതദേഹം കണ്ടെത്തിയത്.
ആദ്യം കൊലപാതമാണ് എന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രാജേഷ് സർക്കാർ സ്‌കൂൾ അധ്യാപികയായ യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിൽ വിള്ളൽ വീണതോടെ യുവതി ആത്മഹത്യ ചെയ്യുകയും, പിന്നാലെ ഇതിൽ മനംനൊന്ത് രാജേഷും ജീവനൊടുക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നതിങ്ങനെ : ഒന്നര വർഷം മുൻപ് രാജേഷിന്‍റെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്‌ഡ് കോൾ വന്നു. സർക്കാർ സ്‌കൂൾ അധ്യാപികയായ 45 കാരിയുടെ ഫോണിൽ നിന്നാണ് വിളി വന്നത്. ഇതിലൂടെ ഇരുവരും തമ്മിൽ പരിചയപ്പെട്ടു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായിരുന്നു അധ്യാപിക. എന്നാൽ ഇക്കാര്യം ഇവർ രാജേഷിൽ നിന്ന് മറച്ചു വച്ചു.
പിന്നാലെ ഇരുവരും തമ്മിൽ പരസ്‌പരം ചാറ്റ് ചെയ്യാൻ തുടങ്ങുകയും അത് പ്രണയമായി മാറുകയും ചെയ്‌തു. താൻ വിവാഹിതയാണെന്ന കാര്യം തിരിച്ചറിയാതിരിക്കാൻ യുവതി പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. ഇതിനിടെ രാജേഷ് യുവതിയോട് വിവാഹ അഭ്യർഥന നടത്തി. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. എന്നാൽ ഇതിനിടെ യുവതി വിവാഹിതയാണെന്ന കാര്യം രാജേഷ് അറിഞ്ഞു.
യുവതിയുടെ ആത്മഹത്യ : തുടർന്ന് ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീഴുകയും രാജേഷ് യുവതിയിൽ നിന്ന് അകലം പാലിക്കുകയും ചെയ്‌തു. എന്നാൽ യുവതി തുടർന്നും രാജേഷുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെ രാജേഷ് അവഗണിക്കുന്നതിൽ മനം നൊന്ത് യുവതി മെയ് 24 ന് കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടുകാർ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇക്കഴിഞ്ഞ തിങ്കളാഴ്‌ച യുവതി മരിച്ചു.
ഇതിന് പിന്നാലെ യുവതിയുടെ മകൻ ഇവരുടെ വാട്‌സ്‌ആപ്പ് ചാറ്റുകൾ പരിശോധിക്കുകയും രാജേഷാണ് അമ്മയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന നിഗമനത്തിലെത്തുകയും ചെയ്‌തു. തുടർന്ന് ഇതേ ഫോണിൽ നിന്ന് യുവതിയെന്ന വ്യാജേന രാജേഷിന് മെസേജ് അയക്കുകയും അവസാനമായി കാണണമെന്ന് അറിയിക്കുകയും ചെയ്‌തു. ഇതോടെ രാജേഷും സമ്മതം മൂളി. പിന്നാലെ യുവതിയുടെ മകൻ കൂട്ടുകാരെയും കൂട്ടി ഹയാത്നഗറിലെ ഡോക്‌ടേഴ്‌സ് കോളനിയിലെത്തി.
ഡോക്‌ടേഴ്‌സ് കോളനിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി അമ്മയുടെ മരണത്തിന് കാരണക്കാരനാണെന്ന് ആരോപിച്ച് രാജേഷിനെ മർദിച്ചു. ഇവർ മടങ്ങിയതിന് പിന്നാലെ യുവതിയുടെ മരണത്തിൽ മനംനൊന്ത് രാജേഷ് ഡോക്‌ടേഴ്‌സ് കോളനിയിൽവച്ച് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വസ്‌ത്രങ്ങൾ കീറിയ നിലയിൽ കണ്ടെത്തിയതിനാൽ കൊലപാതകമെന്നായിരുന്നു പൊലീസിന്‍റെ ആദ്യത്തെ നിഗമനം.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിന്‍റെ ആന്തരിക ഭാഗങ്ങളിൽ മുറിവുകളോ രക്തസ്രാവമോ ഇല്ലെന്നും കീടനാശിനിയാണ് മരണകാരണമെന്നും കണ്ടെത്തുകയുമായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചൊവ്വാഴ്‌ച രാജേഷിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പ്രഥമിക അന്വേഷണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.