സൂറത്ത് (ഗുജറാത്ത്) : ഭാര്യ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നത് ചൂണ്ടിക്കാട്ടി കുറിപ്പെഴുതിവച്ച് ആത്മഹത്യ ചെയ്‌ത് യുവാവ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഉദ്ദാന - പട്ടേൽ നഗര്‍ സ്വദേശിയും 27കാരനുമായ രോഹിത് സിങ് ആണ് ജൂൺ 27ന് വീട്ടിൽ തൂങ്ങിമരിച്ചത്. ഭാര്യ സോനം അലിയും ഭാര്യാസഹോദരൻ മുഖ്‌താർ അലിയും ചേർന്ന് തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിക്കുന്ന കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ച ശേഷമായിരുന്നു രോഹിത് സിങ്ങിന്‍റെ ആത്മഹത്യ.
ഇരുവരും ചേർന്ന് ബീഫ് കഴിക്കാൻ നിർബന്ധിച്ചുവെന്നും അത് മാനസികമായി തളർത്തിയതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പിൽ പറയുന്നു. തുണിമില്ലിൽ ജോലിക്കാരനായിരുന്ന രോഹിത് അവിടെവച്ചാണ് സോനത്തിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. തുടർന്ന് ഇരുവരും വിവാഹിതരായി. ഇതരമത വിശ്വാസികളായതിനാൽ പ്രണയം രോഹിത്തിന്‍റെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഇരുവരും മറ്റൊരു വീട്ടിൽ താമസിക്കാൻ തുടങ്ങി. പിന്നീട് രോഹിത് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല.
ആദ്യദിവസങ്ങളിൽ പ്രശ്‌നങ്ങൾ ഇല്ലായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം സോനം നോൺ വെജിറ്റേറിയൻ ഭക്ഷണം നൽകാൻ തുടങ്ങി. ഒരിക്കൽ ബീഫ് കഴിക്കാൻ നിർബന്ധിച്ചതായും കഴിച്ചില്ലെങ്കിൽ സഹോദരനുമായി ചേർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ ആരോപിക്കുന്നു. തന്നെ മതം മാറ്റാൻ നിർബന്ധിച്ചേക്കാമെന്നും ഭയം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കത്തിൽ ഇയാള്‍ ആരോപിക്കുന്നതായി പൊലീസ് പറയുന്നു.
രോഹിത്തിന്‍റെ മരണവിവരം സോനം വീട്ടുകാരെ അറിയിച്ചിരുന്നില്ല. യുവാവിന്‍റെ ഫേസ്ബുക്കിലെ ആത്മഹത്യ കുറിപ്പ് കണ്ട് ഒരു ബന്ധു വിവരം പറയുമ്പോഴാണ് വീട്ടുകാർ കാര്യമറിയുന്നത്. രോഹിത് സിങ്ങിന്‍റെ അമ്മ വീണാദേവി പരാതി നൽകിയതോടെയാണ് രണ്ട് മാസം മുൻപ് നടന്ന ആത്മഹത്യയുടെ കാരണങ്ങള്‍ സംബന്ധിച്ച് പുറംലോകമറിയുന്നത്. സംഭവത്തെ തുടർന്ന് സോനത്തിനും സഹോദരനുമെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.