കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വസതിയില്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നൂര്‍ ആലം ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് തോക്കും കത്തിയും മയക്കുമരുന്നും കണ്ടെടുത്തു.
പൊലീസ് സ്‌റ്റിക്കര്‍ പതിപ്പിച്ച കറുത്ത കാര്‍ മമതയുടെ വസതിക്ക് മുമ്പില്‍ നിര്‍ത്തിയിട്ടതായും ഉള്ളില്‍ ഒരാള്‍ ഇരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക സുരക്ഷാസേന ഇയാളെ ചോദ്യം ചെയ്‌തിരുന്നു. തനിക്ക് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തണമെന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്നാണ് പരിശോധനയും അറസ്റ്റുമുണ്ടായത്.
'മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വസതിയില്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷെയ്‌ഖ് നൂര്‍ ആലം എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ പക്കല്‍ നിന്നും തോക്ക്, ലഹരി മരുന്നുകള്‍ എന്നിവ കൂടാതെ പല ഏജന്‍സികളുടെയും തിരിച്ചറിയല്‍ കാര്‍ഡുകളും പിടികൂടി. പ്രാദേശിക പൊലീസ് സ്‌റ്റേഷനില്‍ ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്'- കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ വിനീത് ഗോയല്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി കൊല്‍ക്കത്തയില്‍ റാലി നടക്കാനിരിക്കെയാണ് സംഭവം. റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള മമതയുടെ പ്രസംഗം കേള്‍ക്കാന്‍ നിരവധി പ്രവര്‍ത്തകരാണ് ഇന്ന് ഒത്തുചേരുന്നത്.
ശരത് പവാറിനെതിരെ ഭീഷണി: അതേസമയം, കഴിഞ്ഞ മാസം നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാറിന് നേരെ ഭീഷണി സന്ദേശമെത്തിയെന്ന പരാതിയുമായി എംപിയും ശരദ് പവാറിന്‍റെ മകളുമായ സുപ്രിയ സുലെ പൊലീസിനെ സമീപിച്ചിരുന്നു.
പിതാവിന് നേരെ ഓണ്‍ലൈനായി ഒരു വെബ്‌സൈറ്റിലൂടെ ഭീഷണി സന്ദേശമെത്തിയെന്ന് കാണിച്ചാണ് എന്‍സിപി നേതാവ് സുപ്രിയ സുലെ മുംബൈ പൊലീസ് കമ്മിഷണർ വിവേക് ഫൻസാൽക്കറെ കണ്ടത്. പിതാവിനെതിരെ തന്‍റെ സ്വകാര്യ വാട്‌സ്‌ആപ്പിലും ഭീഷണിയെത്തിയെന്നും അവര്‍ അറിയിച്ചിരുന്നു. കേന്ദ്രത്തിലും സംസ്ഥാന സർക്കാരിലും ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന ശരദ് പവാറിന് നേരെ മുമ്പും വധഭീഷണികള്‍ ഉയര്‍ന്നിരുന്നു.
'പവാര്‍ സാഹിബിനെ ഉന്നം വച്ചുള്ള സന്ദേശം എന്‍റെ വാട്‌സ്‌ആപ്പിലേയ്‌ക്ക് ലഭിച്ചു. അദ്ദേഹത്തിന് വെബ്‌സൈറ്റ് വഴിയും ഭീഷണി എത്തിയിരുന്നു. സമാനമായ ഭീഷണി ബന്ധപ്പെട്ട അക്കൗണ്ടുകളില്‍ നിന്നും വന്നിട്ടുണ്ട്' -സുപ്രിയ സുലെ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് വ്യക്തമാക്കുന്ന സന്ദേശത്തിന്‍റെ പ്രിന്‍റ് ഔട്ടുകളും സുപ്രിയ സുലെ ഉയര്‍ത്തിക്കാണിച്ചു. ഭീഷണി സന്ദേശത്തിനെ തുടര്‍ന്ന് സുപ്രിയ സുലെ കമ്മിഷണറേറ്റിലെത്തി പൊലീസ് സുരക്ഷയും തേടിയിരുന്നു.
ഭീഷണി സന്ദേശങ്ങളുടെ പകര്‍പ്പും അവര്‍ പൊലീസിന് കൈമാറി. മാത്രമല്ല, സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇക്കാര്യം പരിശോധിക്കണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു. പരാതിയെ തുടര്‍ന്ന് സൗത്ത് സൈബര്‍ പൊലീസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.