പൂനെ : കൊറിയൻ യൂട്യൂബറോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ ഭരത് കരൺറാവു ഹുനുസാൻലെ എന്നയാളെ പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് പിടികൂടിയതായി ആന്‍റി ഗുണ്ട സ്ക്വാഡിലെ അസിസ്റ്റന്‍റ് ഇൻസ്പെക്‌ടർ സതീഷ് മാനെ അറിയിച്ചു. നവംബർ മാസത്തിലാണ് കേസിന് ആസ്‌പദമായ സംഭവം.
യുവതി അപ്‌ലോഡ് ചെയ്‌ത യൂട്യൂബ് വീഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. ദക്ഷിണ കൊറിയയിൽ നിന്നുള്ള വനിത വീഡിയോ ബ്ലോഗറോടാണ് യുവാവ് മോശമായി പെരുമാറിയത്. പിംപ്രി ചിഞ്ച്‌വാഡിലെ റാവെറ്റ് ഏരിയയിൽ വീഡിയോ ബ്ലോഗ് ചെയ്യുന്നതിനിടെ ഒരാൾ യൂട്യൂബറുടെ തോളിൽ കൈകൾ വയ്ക്കുകയും അനുചിതമായി സ്‌പർശിക്കുകയുമായിരുന്നു.
ഇത് യുവതിയുടെ വീഡിയോയില്‍ വ്യക്തമാണ്. കേസെടുക്കുകയും വീഡിയോ പരിശോധിച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് ഇൻസ്പെക്‌ടർ സതീഷ് മാനെ പറഞ്ഞു. 'റാവെറ്റ് ഫിഷ് മാർക്കറ്റിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൊറിയൻ പെൺകുട്ടിയോട് ഒരാള്‍ മോശമായി പെരുമാറുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോയുടെ സത്യാവസ്ഥ സ്ഥിരീകരിച്ചതിന് ശേഷം, ഭരത് കരൺറാവു ഹുനുസാൻലെയെ ഗുണ്ടാവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്‌തു. പ്രതി കർണാടക ബിദർ ജില്ലയിൽ നിന്നുള്ള ആളാണ്. ജോലിയുടെ കാര്യത്തിനുവേണ്ടി റാവെറ്റിൽ വന്ന് താമസിക്കുകയാണെന്നും ഹരീഷ് മാനെ അറിയിച്ചു.
Also read: യൂട്യൂബറായ കൊറിയന്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുവാക്കള്‍ അറസ്റ്റില്‍
കഴിഞ്ഞ വർഷവും യൂട്യൂബറായ കൊറിയൻ യുവതിക്ക് നേരെ രാജ്യത്ത് ലൈംഗികാതിക്രമം നടന്നിരുന്നു. മുംബൈയിൽ ആയിരുന്നു സംഭവം .കൊറിയൻ യുവതിയെ പിന്നാലെ വന്ന അക്രമികൾ സ്‌കൂട്ടറിൽ കയറാൻ നിർബന്ധിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ശരീരത്തിൽ കൈവയ്‌ക്കുകയുമായിരുന്നു. ഈ കേസിലും വീഡിയോ വൈറലായതോടെയാണ് പൊലീസ് നടപടിയെടുത്തത്.