ന്യൂഡൽഹി: സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്തെ തൂടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 29കാരൻ അറസ്‌റ്റിൽ. ഡൽഹിയിലെ മൈതൻഗരി പ്രദേശത്താണ് പുതുതായി വിവാഹിതയായ ഭാര്യയെ പ്രതിയായ കുൽദീപ് സിങ് റാണ കൊലപ്പെടുത്തിയത്. മദ്യപിച്ചിരുന്ന റാണ യുവതിയെ മർദിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
Also read: ഡ്രൈയിനേജ് പൈപ്പ്‌ലൈന്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു
ഒരു കരാറുകാരന്‍റെ അസിസ്റ്റന്‍റായി ജോലി ചെയ്‌തു വരികയായിരുന്നു പ്രതി. ഈ വർഷം ഏപ്രിൽ 26നാണ് ദമ്പതികൾ വിവാഹിതരായത്. ബുധനാഴ്‌ച ഇരുവരും ഉത്തരാഖണ്ഡ് ഗോലാപാറിലെ യുവതിയുടെ വീട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങിയെത്തി. വ്യാഴാഴ്‌ച രാവിലെ യുവതിയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ കിടക്കുന്നതായി പൊലീസ് കണ്ടെത്തി. യുവതിയുടെ കഴുത്തിലും മുഖത്തും മർദിച്ചതിന്‍റെ പാടുകൾ ഉണ്ടായിരുന്നു.
പ്രതിക്ക് സ്ത്രീധനം ലഭിച്ചിട്ടുണ്ടെങ്കിലും സ്വത്തും സ്ഥലവും തന്‍റെ പേരിൽ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ കുമാർ താക്കൂർ അറിയിച്ചു.