ബെംഗളുരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ(കിയാൽ) ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയ പ്രതി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ സുഭാഷ് ഗുപ്‌തയെയാണ് വ്യാജ സന്ദേശം നൽകിയതിന് സിറ്റി പൊലീസ് വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തത്.
പ്രതി വെള്ളിയാഴ്‌ച പുലർച്ചെ 3.50ഓടെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചത്. സന്ദേശത്തെ തുടർന്ന് വിമാനത്താവളം അധികൃതരും സിഐഎസ്എഫ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരും വിമാനത്താവളം ടെർമിനൽ കെട്ടിടത്തിലും പരിസരത്തും മണിക്കൂറുകളോളം സുരക്ഷ പരിശോധന നടത്തുകയും ഉപേക്ഷിച്ച ബാഗുകളും സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തിയ വസ്‌തുക്കളും പരിശോധിക്കുകയും ചെയ്‌തു. തുടർന്നാണ് ലഭിച്ചത് വ്യാജ സന്ദേശമാണെന്ന് ഉദ്യോഗസ്ഥർക്ക് മനസിലാകുന്നത്.
തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്. സഹോദരിയെ വിവാഹമോചനം ചെയ്‌തതിന് പ്രതികാരം ചെയ്യാൻ സഹോദരീ ഭർത്താവിന്‍റെ പേരിൽ കൺട്രോൾ റൂമിൽ വിളിച്ച് വ്യാജസന്ദേശം നൽകുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. സംഭവത്തെ തുടർന്ന് വിമാനത്താവള പരിസരത്ത് സുരക്ഷ ശക്തമാക്കി.