അമരാവതി: സ്ത്രീകളുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയയാൾ പിടിയിൽ. കടപ്പ ജില്ലയിലെ പ്രൊഡാറ്റൂരിൽ നിന്നുള്ള രാജറെഡ്ഡി എന്ന പ്രശാന്ത് റെഡ്ഡിയാണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെയാണ് പറ്റിച്ച് പണം തട്ടിയിരുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായും സ്ത്രീകളുമായും ചാറ്റ് ചെയ്ത് അവരുമായി സൗഹൃദത്തിലാകുകയും അവരുടെ നഗ്നചിത്രം വാങ്ങുകയും ചെയ്തു. പിന്നീട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയാണ് ഇയാൾ ചെയ്തുവന്നിരുന്നത്. ഇത്തരത്തിൽ 200ഓളം യുവതികളിൽ നിന്നും 100ഓളം പെൺകുട്ടികളിൽ നിന്നും രാജറെഡ്ഡി പണം തട്ടിയിട്ടുണ്ട്.
ഇയാൾക്ക് ചെന്നുപ്പള്ളി പ്രസന്നകുമാർ, ടോണി എന്നിങ്ങനെയും പേരുകളുണ്ട്. എഞ്ചിനീയറിങിന്‍റെ ആദ്യ വർഷങ്ങളിൽ തന്നെ പഠനം ഉപേക്ഷിച്ച പ്രതി 2017ൽ മാല മോഷണത്തിനും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ജോലി വാഗ്‌ദാനം ചെയ്തും തട്ടിപ്പ്
2020ൽ പ്രതി ഷെയർ ചാറ്റിലൂടെ ശ്രീനിവാസ് എന്ന വ്യക്തിയെ പരിചയപ്പെട്ടു. പ്രശാന്ത് റെഡ്ഡി എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി ഹൈദരാബാദ് സെക്രട്ടേറിയറ്റിലാണ് ജോലി ചെയ്യുന്നതെന്നും ശ്രീനിവാസിന് ജോലി വാങ്ങി നൽകാമെന്ന് വാഗ്‌ദാനം നൽകുകയും ചെയ്തു. അമ്മയുടെ ചികിത്സക്കെന്ന് പറഞ്ഞ് പ്രതി ശ്രീനിവാസിന്‍റെ കൈയിൽ നിന്ന് ആഭരണം വാങ്ങിയിരുന്നു. എന്നാൽ പിന്നീട് ശ്രീനിവാസ് ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ പ്രതി മറുപടി നൽകിയിരുന്നില്ല.
Also Read: രാജ്യത്ത് അംഗീകാരമില്ലാത്ത 24 സര്‍വകലാശാലകള്‍, കേരളത്തില്‍ ഒരു വ്യാജൻ
ജൂലൈ 29ന് മോഷണ കേസിൽ കടപ്പ താലൂക്ക പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോഴാണ് രാജറെഡ്ഡിയുടെ തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്താകുന്നത്. ഇത്തരത്തിൽ തട്ടിപ്പിലൂടെ നേടിയ 1.26 ലക്ഷം രൂപയും 30 ഗ്രാം സ്വർണവും പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തു. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിയുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കടപ്പ, വിജയവാഡ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലുള്ള സ്ത്രീകളെയാണ് പ്രധാനമായും പ്രതി നുണകൾ പറഞ്ഞ് വഞ്ചിച്ചിരുന്നതെന്ന് ഡി.എസ്.പി സുനിൽ പറഞ്ഞു. പ്രതിയുടെ ഫോണിൽ എല്ലാ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രം ഉണ്ടായിരുന്നുവെന്നും സുനിൽ അറിയിച്ചു.