സേലം: പശ്‌ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇനിയും വിവാഹം കഴിച്ചിട്ടില്ല. ഇനി അഥവാ വിവാഹം കഴിച്ചാല്‍ സോഷ്യലിസത്തെ വിവാഹം കഴിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ അടക്കം ഇപ്പോൾ ചർച്ച ചെയ്യുന്നത്. അങ്ങനെ ചർച്ച ചെയ്യാൻ ഒരു കാരണമുണ്ട്.
ഇതൊരു കല്യാണക്കഥയാണ്. പക്ഷേ ആ കഥയിലെ വധു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയല്ല. തമിഴ്‌നാട്ടിലെ സേലത്താണ് കൗതുകം നിറയുന്ന വിവാഹക്കഥ നടക്കുന്നത്. ജൂൺ 13ന് നടക്കുന്ന വിവാഹത്തിനായി ഒരുക്കിയ ക്ഷണക്കത്തിലെ പേരുകൾ ഇങ്ങനെ, വരൻ എഎം സോഷ്യലിസം, വധു പി മമത ബാനർജി.

കൗതുകം തീരുന്നില്ല...
സോഷ്യലിസം എന്ന് വരനും മമത ബാനർജി എന്ന് വധുവിനും പേര് വന്നത് എങ്ങനെയെന്ന ചോദ്യത്തിനും ഉത്തരമുണ്ട്... സോഷ്യലിസത്തിന്‍റെ അച്ഛൻ എ മോഹൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സേലം ജില്ല സെക്രട്ടറിയാണ്.

കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള കടുത്ത ആരാധന, മക്കൾക്ക് പേരിടുന്നതില്‍ അദ്ദേഹം പ്രാവർത്തികമാക്കി. കമ്മ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നിങ്ങനെയാണ് മോഹന്‍റെ മൂന്ന് ആൺമക്കളുടെ പേരുകൾ... 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വീരപാണ്ടി നിയോജക മണ്ഡലത്തിൽ നിന്ന് മോഹൻ മത്സരിച്ചിരുന്നു.

തമിഴ്നാട്ടിലെ പ്രശസ്തമായ വണ്ണിയാർ സമുദായത്തില്‍ ഉൾപെട്ടവരാണ് മോഹന്‍റെ കുടുംബം. മകൻ സോഷ്യലിസത്തിന് വിവാഹ ആലോചനകൾ തുടങ്ങിയപ്പോഴാണ്, കോൺഗ്രസ് ബന്ധമുള്ള മമത ബാനർജിയുടെ കുടുംബവുമായി വിവാഹം ആലോചിക്കുന്നത്. പഴയ കോൺഗ്രസുകാരിയായിരുന്ന മമത ബാനർജിയോടുള്ള ആരാധനയുടെ പേരിലാണ് മകൾക്ക് മമത ബാനർജി എന്ന പേര് നല്‍കിയതെന്ന് മമതയുടെ കുടുംബം പറയുന്നു.
മോഹന് എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്

മോഹന്‍റെ പിതാവ് അലഗപ്പൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. പിതാവിന്‍റെ പാത പിന്തുടർന്നാണ് മോഹൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ എത്തിയത്. മോഹന്‍റെ രണ്ടാമത്തെ മകൻ ലെനിനിസവും മക്കൾക്ക് പേരിടുന്നതില്‍ അച്ഛന്‍റെ പാത പിന്തുടരുകയാണ്. മാർക്സിസം എന്നാണ് ലെനിനിസത്തിന്‍റെ കുട്ടിയുടെ പേര്. എന്തായാലും എഎം സോഷ്യലിസവുമായി ചേർന്ന് ദാമ്പത്യ ജീവിതം ആരംഭിക്കുന്ന പി മമത ബാനർജിക്ക് ഭാവുകങ്ങൾ നേരുകയാണ് സാമൂഹിക മാധ്യമങ്ങൾ.
ഈമാസം 13ന് നടക്കുന്ന വിവാഹ ചടങ്ങുകൾ ലളിതമാണെങ്കിലും വിവാഹ ക്ഷണക്കത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ സിപിഐ നേതാക്കൾ അടക്കം വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്.