കൊൽക്കത്ത: വ്യാഴാഴ്ച സമാപിച്ച രണ്ടാം ഘട്ട പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് നാടകീയ മൂഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ബിജെപിയും തൃണമൂൽ കോൺഗ്രസും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും ഒടുവിൽ ഇസിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ മമത ബാനർജി തന്‍റെ പരിക്ക് പറ്റിയ കാൽ ചലിപ്പിക്കുന്നതായി കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുകയാണ്. വീഡിയോയിൽ മമത ഒരു കാൽ മറ്റൊന്നിൽ വയ്ക്കുന്നതായി കണ്ടു.
ഉടനെ തന്നെ ബിജെപി നേതൃത്വം മമതയുടെ 'പരിക്ക്' ചോദ്യം ചെയ്തു. ബിജെപി ദേശീയ വക്താവ് സാംബിത് പത്ര മമത ബാനർജിയുടെ പരിക്ക് വ്യാജമാണെന്ന് ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമമായ ട്വിറ്ററിൽ പറഞ്ഞു. മറ്റൊരു ബിജെപി നേതാവായ വിഷ്ണു വർധൻ റെഡ്ഡിയും വീഡിയോ വ്യത്യസ്തമായ ഒരു കഥ പറയുന്നുവെന്നും 'ഈ പുതിയ സാങ്കേതികതയെക്കുറിച്ച് പറയാൻ' മമതയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരിഹസിച്ചു.സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ ചിരി പടർത്തിയെങ്കിലും എവിടെ വെച്ചാണ് ഇത് പകർത്തിയതെന്ന് വ്യക്തമല്ല.
മുഖ്യമന്ത്രി മമത ബാനർജി തങ്ങളുടെ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് ബിജെപി നേതൃത്വം ഇലക്ഷന്‍ കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിന് ദിവസങ്ങൾക്കുമുമ്പ് സമർപ്പിച്ച പരാതിയിൽ തൃണമൂൽ കോൺഗ്രസ് മേധാവി ബിജെപി പ്രവർത്തകർക്ക് തുറന്ന ഭീഷണി നൽകിയെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ തോതിലുള്ള അക്രമങ്ങൾ ഉണ്ടായെന്നും ബിജെപി ആരോപിച്ചു.
എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒന്നും രണ്ടും ഘട്ടം പൂർത്തിയായിട്ടുണ്ട്. അടുത്ത ഘട്ടം ഏപ്രിൽ 6നാണ്.