കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രം നല്‍കിയ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കാനാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മമത ബാനർജി സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള വൻ അഴിമതി മൂലം പശ്ചിമ ബംഗാൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.
"ടിഎംസി ഖജനാവ് കാലിയാക്കി" - ദിലീപ് ഘോഷ്
തൃണമൂല്‍ നേതാക്കള്‍ സംസ്ഥാന ഖജനാവിൽ നിന്ന് പണം തട്ടിയെടുത്ത് ഖജനാവ് കാലിയാക്കിയെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയും തൃണമൂലിലെ വിഭാഗീയതയും ഏറ്റവും മോശം അവസ്ഥയിലാണ്. 2024ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ നയിക്കാൻ സാധിക്കില്ലെന്ന് ദിദി മനസിലാക്കിയതാണ് ഈ ഡല്‍ഹി സന്ദര്‍ശനത്തിന് കാരണമെന്നും ഘോഷ് പരിഹസിച്ചു.
മറുപടി നല്‍കി ടിഎംസി
ദിലീപ് ഘോഷിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപക്ഷം രംഗത്തത്തിയിട്ടുണ്ട്. ഫെഡറല്‍ സംവിധാനത്തെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലെയെന്നും ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താൻ സാധിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് ബംഗാൾ തൃണമൂല്‍ ഭരണത്തിന് കീഴിൽ കൂടുതൽ വരുമാനം നേടിയിട്ടുണ്ട്. മമത ബാനര്‍ജി ഇന്ന്(ജൂലൈ 26) ഡല്‍ഹിയിലേക്ക് തിരിക്കും.
Also Read: കേന്ദ്രം കർഷകരെ നിരന്തരം അപമാനിക്കുന്നു; കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് പ്രിയങ്ക ഗാന്ധി