കൊൽക്കത്ത : ആർഎസ്എസിനെ പ്രകീർത്തിച്ചുകൊണ്ടുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്‌താവന വിവാദത്തിൽ. ആർഎസ്എസിലുള്ള എല്ലാവരും മോശക്കാരല്ലെന്നും ബിജെപിയെ പിന്തുണയ്‌ക്കാത്ത നിരവധിപേർ സംഘടനയില്‍ ഉണ്ടെന്നുമായിരുന്നു മമത ബാനർജിയുടെ പ്രസ്‌താവന. അതേസമയം മമതയ്‌ക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം, കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തി.
'ആർഎസ്എസ് നേരത്തെ മോശമായിരുന്നില്ല, ഇപ്പോഴും അവർ മോശക്കാരാണെന്ന് ഞാൻ കരുതുന്നില്ല. ആർഎസ്എസിൽ നല്ലവരും ബിജെപിയെ പിന്തുണയ്ക്കാത്തവരുമായ നിരവധി പേരുണ്ട്. അവരും ഒരുനാൾ മൗനം വെടിയും' എന്നായിരുന്നു മമത ബാനർജിയുടെ പ്രസ്‌താവന.
അതേസമയം മമതയെ അവസരവാദി എന്നാണ് മുതിർന്ന സിപിഎം നേതാവ് സുജൻ ചക്രബർത്തി വിശേഷിപ്പിച്ചത്. മമത ആർഎസ്എസിന്‍റെ ഉത്പന്നമാണ്. ബിജെപിക്കെതിരായ പോരാട്ടത്തിൽ തൃണമൂൽ കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ് - സുജൻ ചക്രബർത്തി പറഞ്ഞു.
അതേസമയം ആർഎസ്എസിനും ബിജെപിക്കും മമത ബാനർജിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ദിലീപ് ഘോഷ് പറഞ്ഞു.