കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപൂർ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി നാമനിർദേശ പത്രിക സമർപ്പിച്ചു. സെപ്റ്റംബർ 30നാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുക.
ബിജെപിയുടെ പ്രിയങ്ക തിബ്രെവാൽ, ഇടതുമുന്നണിയുടെ ശ്രീജിബ് ബിശ്വാസ് എന്നിവർ മമതയ്ക്കെതിരെ മത്സരിക്കും. മമതയ്ക്കെതിരെ മത്സരിക്കാനില്ലെന്നാണ് കോൺഗ്രസിന്‍റെ തീരുമാനം. ഒക്ടോബർ മൂന്നിനാണ് തെരഞ്ഞെടുപ്പ് ഫലം വരിക.
സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ നിന്ന് 2011ലെയും 2016ലെയും തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലെത്തിയതാണ് മമത ബാനർജി. എന്നാൽ ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് കഴിഞ്ഞ തവണ നന്ദിഗ്രാമിൽ മത്സരിച്ചെങ്കിലും സുവേന്ദു അധികാരിയോട് പരാജയപ്പെടുകയാണുണ്ടായത്.
സംസ്ഥാന നിയമസഭയിലോ പാർലമെന്‍റിലോ അംഗമല്ലാത്ത ഒരാൾക്ക് ആറുമാസത്തേക്ക് മാത്രമാണ് മന്ത്രിസ്ഥാനത്ത് തുടരാൻ ഭരണഘടന അനുമതി ഉള്ളൂ. അതിന്‍റെ അടിസ്ഥാനത്തിൽ നവംബർ 5നകം നിയമസഭയിലേക്ക് ജയിക്കേണ്ടത് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ മമതയ്ക്ക് അത്യാവശ്യമാണ്. ഭവാനിപൂർ എം.എൽ.എ ശോവന്ദേബ് ചത്തോപാധ്യായ സ്ഥാനം ഒഴിഞ്ഞതോടെയാണ് മമതയ്ക്ക് മത്സരിക്കാൻ അവസരം ഒരുങ്ങിയത്.
എന്നാൽ മമത നാമനിർദേശ പത്രിക സമർപ്പിച്ചതിനോട് പ്രതികരിച്ച പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് നന്ദിഗ്രാമിലെ വിധി തന്നെയായിരിക്കും ഭവാനിപൂരിലും മമതയെ കാത്തിരിക്കുന്നതെന്ന് പറഞ്ഞു.
Also Read: അമ്മയെ കൊലപ്പെടുത്തി കത്തിക്കാൻ ശ്രമം; മകൾ പൊലീസ് കസ്റ്റഡിയിൽ