കൊൽക്കത്ത: നന്ദിഗ്രാമിൽ സുവേന്ദു അധികാരിയുമായുള്ള മത്സരത്തിൽ പരാജയപ്പെടുമെന്നുള്ള ഭീതിയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെപി നദ്ദ. ധനിയാക്കലിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു നദ്ദ.
കൊവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ ബംഗാളിലെ ജനങ്ങൾക്ക് ഒരു നേരത്തെ അരി പോലും നൽകാമെന്ന് മമതാ ബാനർജിയുടെ നേതൃത്ത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നില്ല. എന്നാൽ 2020 മാർച്ച് മുതൽ നവംബർ വരെ മാസം അഞ്ച് കിലോ അരി, അഞ്ച് കിലോ ഗോതമ്പ് , ഒരു കിലോ പരിപ്പ് എന്നിവയാണ് മോദി സർക്കാർ നൽകിയത്. ഈ സമയത്ത് മമതാ സർക്കാർ എവിടെയായിരുന്നുവെന്നും നദ്ദ ചോദിച്ചു.
തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് നൽകണമെന്ന് ബംഗാളിലെ ജനങ്ങൾക്കറിയാമെന്നും ജനങ്ങൾ ശരിക്കൊപ്പമേ നിൽക്കുകയെന്നും നദ്ദ കൂട്ടിച്ചേർത്തു. ബംഗാളിലെ സാധാരണക്കാരുടെ അവകാശങ്ങൾ തട്ടിയെടുത്ത സർക്കാർ ഇപ്പോൾ അവർക്ക് അവകാശങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്നുണ്ടെന്നും നദ്ദ പറഞ്ഞു.സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ, ആസിഡ് ആക്രമണം, കൊലപാതകശ്രമങ്ങൾ, കാണാതായ കേസുകൾ എന്നിവയിൽ ബംഗാൾ ഒന്നാം സ്ഥാനത്താണ്. ഗാർഹിക പീഡനം ബംഗാളിൽ 35 ശതമാനം വർധിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ നടപടിയൊന്നും ഈ സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും നദ്ദ കൂട്ടിച്ചേർത്തു. ഇതിനൊരു മാറ്റം ഉണ്ടാകണമെങ്കിൽ ബിജെപി സർക്കാർ അധികാരത്തിലെത്തണമെന്നും നദ്ദ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ മമത വർഗീയത വരെ കൂട്ടിച്ചേർത്തുവെന്നും നദ്ദ പറഞ്ഞു. നാളെയാണ് ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.