കൊൽക്കത്ത: പ്രധാനമന്ത്രി വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിൽ പ്രധനമന്ത്രിക്കല്ലാതെ മറ്റാർക്കും സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത വെർച്വൽ യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരുൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുകളും ഒരു കേന്ദ്രഭരണ പ്രദേശത്തെ മജിസ്‌ട്രേറ്റും പങ്കെടുത്തിരുന്നു.
എന്നാൽ യോഗത്തിൽ പ്രധാന മന്ത്രി മാത്രം സംസാരിച്ചുകൊണ്ട് ബാക്കിയുള്ളവരെ സംസാരിക്കാൻ അനുവദിക്കാതെ അപമാനിച്ചു എന്നാണ് മമത യോഗത്തിന് ശേഷം പ്രതികരിച്ചത്. സംസാരിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് വിളിച്ചത്? സംസാരിക്കാൻ അനുവദിക്കാത്തതിൽ എല്ലാ മുഖ്യമന്ത്രിമാരും പ്രതിഷേധിക്കണമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
Also read: പ്രധാനമന്ത്രി വിളിച്ച കൊവിഡ് അവലോകന യോഗത്തിൽ മമത ബാനർജി പങ്കെടുക്കും
അതേസമയം ബംഗാളിൽ പ്രതിരോധ കുത്തിവയ്പ്പ് കുറവാണെന്ന് മമത പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ പോസിറ്റീവ് കേസുകൾ കുറയുകയാണെന്നും മരണനിരക്ക് 0.9 ശതമാനമാണെന്നും മമത പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് നാല് ബ്ലാക്ക് ഫംഗസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്‍റെ വാഗ്ദാനം പാലിക്കുമെന്നും വാക്സിനുകൾ ലഭിച്ചാൽ എല്ലാ ആളുകൾക്കും നൽകുമെന്നും താൻ ഇപ്പോഴും അതിൽ ഉറച്ച് തന്നെ നിൽക്കുന്നു എന്നും മമത ബാനർജി പറഞ്ഞു.
Also read: പശ്ചിമ ബംഗാളിൽ ചുഴലിക്കാറ്റിന് സാധ്യത; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മമത ബാനർജി