കൊൽക്കത്ത : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ (West Bengal Chief Minister Mamata Banerjee) വസതിയിൽ സുരക്ഷ ശക്തമാക്കി. കാളിഘട്ടിലെ വസതിയിൽ സുരക്ഷ വീഴ്‌ചയുണ്ടായതിന് പിന്നാലെയാണ് വസതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കിയത് (Security has been tightened). ദിവസങ്ങൾക്ക് മുൻപ് അജ്‌ഞാതർ മുഖ്യമന്ത്രിയുടെ വീടിന്‍റെ സുരക്ഷ വലയം തകർത്ത് അകത്ത് പ്രവേശിച്ചിരുന്നു.
പിന്നാലെ ആയുധങ്ങളുമായെത്തിയ ഒരു കാർ പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. ഈ സംഭവങ്ങൾ മുൻനിർത്തിയാണ് സുരക്ഷ കടുപ്പിച്ചത്. സുരക്ഷ ടീമിൽ ഡോഗ് സ്വാഡിനേയും (Dog Squad) നിയോഗിച്ചിട്ടുണ്ട്. രണ്ട് നായ്‌ക്കളെ 24 മണിക്കൂറാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.
സ്‌മൈലും സ്‌ട്രോംഗും ഇനി മമതയുടെ കാവൽക്കാർ : നായക്കളോടുള്ള താത്‌പര്യം കൊണ്ട് 'സ്ട്രോംഗ്' (Strong) എന്നും 'സ്മൈൽ' (Smile) എന്നും സ്‌ക്വാഡിലെ നായ്‌ക്കൾക്ക് മുഖ്യമന്ത്രി മമത ബാനർജി പേര് നൽകി. ഇരുവരും ബോംബ് ഉൾപ്പടെയുള്ള സ്‌ഫോടക വസ്‌തുക്കൾ കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന് പോലും കണ്ടെത്താൻ പരിശീലനം ലഭിച്ചവരാണ്. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്ന പ്രത്യേക സേനയുമായി ചേർന്നാണ് സ്‌ക്വാഡിലെ രണ്ട് നായ്‌ക്കളും ഒരു വർഷത്തോളം പരിശീലനം നേടിയത്.
തുടർച്ചായായ സുരക്ഷ വീഴ്‌ച്ച : ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ കാളിഘട്ടിലെ വീട്ടിൽ നിരവധി പേരാണ് ദിവസവും വന്നുപോകുന്നത്. കൂടാതെ പലപ്പോഴും പാർട്ടി യോഗങ്ങളും ഇവിടെ ചേരാറുണ്ട്. ഇതിനാലാണ് ഡോഗ് സ്‌ക്വാഡിനെ തന്നെ നിയമിച്ചതെന്ന് കൊൽക്കത്ത പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read : BJP Candidate List |നിയമസഭ തെരഞ്ഞെടുപ്പ് തിയതി വന്നു, സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിച്ച് ബിജെപി അങ്കം കുറിച്ചു
വസതിയുടെ സുരക്ഷ വലയം തകർത്ത് അകത്ത് പ്രവേശിച്ചെന്ന് പറയുന്ന വ്യക്തി ഒരു രാത്രി മുഴുവൻ വീട്ടുവളപ്പിൽ തങ്ങിയതായാണ് ആരോപണം. ശേഷം പിറ്റേന്ന് പുലർച്ചെയാണ് സെക്യൂരിറ്റി ഗാർഡുകൾ ഇയാളെ കാണുകയും പൊലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തത്. ജൂലൈ 21നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിനു മുന്നിൽ കറുത്ത കാർ ഏറെ നേരം നിൽക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ഉദ്യോഗസ്ഥർ കാർ തടഞ്ഞ് നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെത്തുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന യുവാവ് ആദ്യം പൊലീസ് ആണെന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് ഇയാൾ ഒന്നിലധികം തിരിച്ചറിയൽ രേഖകളും പൊലീസിനെ കാണിച്ചിരുന്നു. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് അയാളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Also Read : മമത ബാനര്‍ജിയുടെ വസതിയില്‍ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമം ; തോക്കുമായി എത്തിയയാള്‍ പിടിയില്‍