കൊൽക്കത്ത: കേന്ദ്രത്തിനെതിരെ ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തിന്‍റെ അധികാരപരിധിയിൽ ഇടപെടുന്നു എന്നാണ് മമത ബാനർജിയുടെ ആരോപണം. പശ്ചിമ ബംഗാളിനെ 'കലാപം ബാധിച്ച' ഗുജറാത്ത് ആക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും മമത വിമർശിച്ചു.
ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദയുടെ സംഘം ആക്രമിക്കപ്പെട്ടിട്ടില്ലെന്നും കുറ്റവാളികളെ എന്തിനാണ് ഒപ്പം കൊണ്ടു നടക്കുന്നതെന്നും മമത ചോദിച്ചു. കേന്ദ്രസേനയെ കൊണ്ടുവന്ന് സംസ്ഥാന കേഡർ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ട് തങ്ങളെ ഭയപ്പെടുത്താമെന്നാണ് ബിജെപിയും കേന്ദ്ര സർക്കാരും കരുതുന്നതെങ്കിൽ അത് തെറ്റാണെന്നും മമത അറിയിച്ചു. ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കുകവേയായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം.
അടുത്തിടെ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്‌തു കൊണ്ട് ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി ദേശീയഗാനം മാറ്റുന്നതിനെക്കുറിച്ച് പറഞ്ഞത് തെറ്റിദ്ധാരണയാണെന്നും ഇതുമായി മുൻപോട്ട് പോയാൽ സംസ്ഥാനം അതിന് മറുപടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിൽ അഭയാർഥി കോളനികൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ദേശീയ പൗരത്വ രജിസ്‌റ്റർ, പൗരത്വം (ഭേദഗതി) നിയമം, ദേശീയ ജനസംഖ്യാ രജിസ്‌റ്റർ എന്നിവയെ ആരും ഭയപ്പെടേണ്ടതില്ലെന്നും മമതാ ബാനർജി പറഞ്ഞു. സമുദായങ്ങൾക്കിടയിൽ കലാപത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ഒരു പുതിയ മതം ബിജെപി സൃഷ്‌ടിച്ചു എന്നും അവർ ആരോപിച്ചു.