ന്യൂഡൽഹി: ഒക്‌ടോബർ 26ന് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേൽക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ സർട്ടിഫിക്കറ്റും അന്നേദിവസം ഖാർഗെയ്ക്ക് സമ്മാനിക്കും. ബുധനാഴ്‌ചയാണ് നെഹ്‌റു കുടുംബത്തിന്‍റെ വിശ്വസ്‌തനായ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
24 വർഷത്തിനിടെ ആദ്യമായാണ് നെഹ്‌റു കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് എത്തുന്നത്. 84 ശതമാനം വോട്ട് നേടിയാണ് 80കാരനായ ഖാർഗെ 66കാരനായ ശശി തരൂരിനെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. 7,897 വോട്ടുകൾ ഖാർഗെ നേടിയപ്പോൾ 1072 വോട്ടുകളാണ് തരൂരിന് ലഭിച്ചത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ഖാർഗെ, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ രാജിവച്ചിരുന്നു. 2014 മുതൽ 2019 വരെ കോൺഗ്രസിന്‍റെ ലോക്‌സഭയിലെ നേതാവായിരുന്നു ഖാർഗെ. ഒരു ദശാബ്‌ദത്തോളം കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു.
കർണാടകയിൽ നിന്ന് ഒമ്പത് തവണ നിയമസഭാംഗമായെങ്കിലും മുഖ്യമന്ത്രി പദം അലങ്കരിക്കാൻ ഖാർഗെയ്ക്ക് കഴിഞ്ഞിരുന്നില്ല. ദലിത് കുടുംബത്തിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെ താഴെത്തട്ടിൽ നിന്നുള്ള പാർട്ടി പ്രവർത്തനത്തിൽ നിന്നാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരെ എത്തിയത്.