ബെംഗളൂരു (കര്‍ണാടക): ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌പക്ഷമായി പ്രവർത്തിക്കണമെന്ന അഭ്യര്‍ഥനയുമായി മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ.
'തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്‌പക്ഷമായി പ്രവർത്തിക്കണമെന്നാണ് അഭ്യർഥന. പലപ്പോഴും ചിലർ സ്വന്തം ഇഷ്‌ടപ്രകാരമാണ് പ്രവർത്തിക്കുന്നത്, അതിനാൽ എത്രമാത്രം നിഷ്‌പക്ഷതയുണ്ടാകുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്,' ഖാർഗെ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഉത്തർപ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മണിപ്പൂരില്‍ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ്.
എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്രയാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ ഫെബ്രുവരി 14നും മണിപ്പൂരില്‍ ഫെബ്രുവരി 27, മാർച്ച് 3 തീയതികളിലുമായാണ് പോളിങ്.
Also read: 'തെരഞ്ഞെടുപ്പുകളില്‍ സ്‌ത്രീകള്‍ക്ക് വേണം 50 ശതമാനം സംവരണം': പ്രിയങ്ക ഗാന്ധി