ന്യൂഡൽഹി : കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് ഖാര്‍ഗെ നടപടികള്‍ ശക്തമാക്കാനൊരുങ്ങുന്നത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച ജന പിന്തുണയാണ് ലഭിക്കുന്നത്. സെപ്‌റ്റംബര്‍ 7ന് ആരംഭിച്ച പദയാത്രയ്ക്ക് ലഭിക്കുന്ന പിന്തുണ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നുണ്ട്. എങ്കിലും ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.
മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് 2024 എന്ന പ്രത്യേക പാനല്‍, പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യും. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അതിന്‍റെ പ്രയോജനം ലഭിക്കണമെങ്കില്‍ പാര്‍ട്ടിയെ നവീകരിക്കണമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.
എഐസിസി പ്രതിനിധികളുടെ പട്ടിക പുതുക്കാന്‍ സംസ്ഥാനതല റിട്ടേണിങ് ഓഫിസർമാരോട് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 15നകം പട്ടിക പുതുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുതിർന്ന എഐസിസി ഭാരവാഹി പറഞ്ഞു.
ഒക്‌ടോബര്‍ 17ന് നടന്ന കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 9000ത്തിലധികം പിസിസി പ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തിയത്. പാര്‍ട്ടി അംഗങ്ങളുടെ പുതുക്കിയ പട്ടിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് സംഘടന നവീകരണത്തിന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നതിന്‍റെ സൂചനയാണ്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സംഘടന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയ ഖാര്‍ഗെ, വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രതിനിധികള്‍. കഴിഞ്ഞ മെയ് മാസം ഉദയ്‌പൂര്‍ ചിന്തന്‍ ശിബിരില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ നടപ്പിലാക്കി പുതിയ നേതൃത്വം പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് അണികളും.
137 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രൂപ മാറ്റം വരുത്തുന്നത് ഉള്‍പ്പടെയുള്ള പദ്ധതികളാണ് ഇതിലുള്ളത്. കോണ്‍ഗ്രസ് നേതൃത്വം വഹിക്കുന്നവരില്‍ അധികവും 50 വയസിന് താഴെയുള്ളവരാണെന്ന് പാര്‍ട്ടി ഉറപ്പ് വരുത്തുകയും ചെയ്യും. നേതൃ സ്ഥാനങ്ങളിലേയ്ക്ക് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും.
പുതിയ നേതൃത്വം പാര്‍ട്ടിയെ പുതിയ പ്രവര്‍ത്തന രീതികളിലേക്ക് നയിക്കുമെന്നാണ് അണികളുടെ വിശ്വാസം. സംഘടനാ നവീകരണത്തിന് മുന്നോടിയായി എടുക്കുന്ന തീരുമാനങ്ങള്‍ എഐസിസി പ്രതിനിധികള്‍ അംഗീകരിക്കും.
ഒക്‌ടോബര്‍ 26ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത മല്ലികാര്‍ജുന്‍ ഖാര്‍ഗെ അതാത് സംസ്ഥാന യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എഐസിസി നേതാക്കളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്ക് പുതിയ നേതാക്കളെ തീരുമാനിക്കുമ്പോള്‍ അവരെ കൂടി പരിഗണിക്കുമെന്നും കോണ്‍ഗ്രസിന്‍റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.