എഴാം വയസില്‍ അമ്മയും സഹോദരിയും ഹൈദരാബാദ് നൈസാമിന്‍റെ സ്വകാര്യ സൈനികരുടെ കൈകളാല്‍ ചുട്ടെരിക്കപ്പെടുന്നത് മല്ലികാര്‍ജുര്‍ ഖാര്‍ഗയ്‌ക്ക് കാണേണ്ടി വന്നു. അന്ന് തുടങ്ങിയതാണ് പ്രതികൂല സാഹചര്യങ്ങളോടുള്ള ഖാര്‍ഗയുടെ പോരാട്ടം. ആ സംഭവത്തിന് ശേഷം കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ബാല്‍കി താലൂക്കിലെ വരാവതി ഗ്രാമത്തോട് കുഞ്ഞ് ഖാര്‍ഗെയ്‌ക്ക് അച്ഛനൊപ്പം എന്നന്നേക്കുമായി വിടപറയേണ്ടി വന്നു.
തെരഞ്ഞടുപ്പ് രാഷ്‌ട്രീയത്തിലെ ഖാര്‍ഗെയുടെ ജൈത്രയാത്ര ആരംഭിക്കുന്നത് കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലെ സംവരണ നിയമസഭാമണ്ഡലമായ ഗുര്‍മിട്‌കലില്‍ നിന്ന് 1972 മുതലാണ്. പിന്നീട് അദ്ദേഹം പരാജയം അറിയുന്നത് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാത്രം. 2008 വരെ ഖാര്‍ഗെ ഗുര്‍മിട്‌കല്‍ മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ചു.
പിന്നീട് അദ്ദേഹം ചിറ്റാപൂര്‍ നിയമസഭ മണ്ഡലത്തിലേക്ക് മാറുകയായിരുന്നു. എട്ട് തവണ എംഎല്‍എയും രണ്ട് തവണ എംപിയുമായ ഖാര്‍ഗെയ്‌ക്ക് കോണ്‍ഗ്രസിന്‍റെ പരമോന്നത പദവിയിലെത്താന്‍ 50 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തനായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നും. എണ്‍പതുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഓരോ പ്രാവശ്യവും കര്‍ണാടകയില്‍ അധികാരത്തില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഖാര്‍ഗെയുടെ പേര് ഉയര്‍ന്നുകേട്ടു.
എന്നാല്‍ ഡി ദേവരാജയുടെ നേതൃത്വത്തിലുള്ളത് മുതല്‍ക്കിങ്ങോട്ടുണ്ടായ എല്ലാ കോണ്‍ഗ്രസ് സര്‍ക്കാറുകളിലും ഖാര്‍ഗെയ്‌ക്ക് പ്രധാനപ്പെട്ട മന്ത്രി പദവികള്‍ വഹിക്കാനേ കഴിഞ്ഞിട്ടുള്ളൂ. 2004ല്‍ മുഖ്യമന്ത്രി പദം അദ്ദേഹത്തിന് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്‌ടപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാറില്‍ അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിക്കപ്പെട്ടത് ധരം സിങ്ങായിരുന്നു. സഖ്യസര്‍ക്കാറിനെ നയിക്കാന്‍ ധരംസിങ്ങാണ് നല്ലത് എന്ന വിലയിരുത്തലായിരുന്നു അന്ന് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നത്.
എന്നാല്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ പറ്റാത്തതിന്‍റെ ഏറ്റവും വലിയ നിരാശ ഖാര്‍ഗെയ്ക്ക് ഉണ്ടായിട്ടുണ്ടാവുക 2013ലായിരിക്കും. ഖാര്‍ഗെയടക്കമുള്ള കോണ്‍ഗ്രസിനുള്ളിലെ അതികായന്‍മാര്‍ മുഖ്യമന്ത്രി പദത്തിനായി അന്ന് മത്സരിച്ചു. നിയമസഭാകക്ഷി നേതാവിനെ നിശ്ചയിക്കാന്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു. അതില്‍ സിദ്ധരാമയ്യയോട് ഖാര്‍ഗെ പരാജയപ്പെട്ടു.
ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന കര്‍ണാടക രാഷ്‌ട്രീയത്തില്‍ ദളിത് നേതാവ് എന്ന ലേബല്‍ ഖാര്‍ഗെയുടെ വളര്‍ച്ചയ്‌ക്ക് പരിമിതികള്‍ സൃഷ്‌ടിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ എതിരാളികളെ മലര്‍ത്തിയടിക്കുന്നതിലെ വൈഭവം കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ തൊഴിലാളി യൂണിയന്‍ നേതാവായിരിക്കുമ്പോള്‍ മുതല്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
1969ലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നത്. ആ വര്‍ഷം തന്നെ അദ്ദേഹം കോണ്‍ഗ്രസ് കല്‍ബുര്‍ഗി സിറ്റി യൂണിറ്റിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം 1972 മുതല്‍ ഖാര്‍ഗെ ആരംഭിക്കുന്നുണ്ടെങ്കിലും 2014ലാണ് ഗാന്ധി കുടുംബവുമായി ഖാര്‍ഗെ ഏറെ അടുത്ത് പ്രവര്‍ത്തിക്കുന്നത്. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കര്‍ണാടകയില്‍ മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നു. ഇതിന്‍റെ ഭാഗമായി കല്‍ബുര്‍ഗി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ഖാര്‍ഗയോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
2009ലും 2014ലും ഖാര്‍ഗെ കല്‍ബുര്‍ഗിയില്‍ നിന്നും വിജയിച്ചു. 2014 മുതല്‍ 2019വരെ കോണ്‍ഗ്രസിന്‍റെ ലോക്‌സഭയിലെ നേതാവായി അദ്ദേഹം പ്രവര്‍ത്തിച്ചു. 2018ല്‍ മഹാരാഷ്‌ട്രയുടെ സംഘടന ചുമതലയും കോണ്‍ഗ്രസ് അദ്ദേഹത്തിന് നല്‍കി. കോണ്‍ഗ്രസ് സഭാനേതാവായിരിക്കുമ്പോള്‍ തന്നെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു.
ഗാന്ധികുടുംബത്തോട് കാണിച്ച കൂറാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്ന് വിലയിരുത്തുന്നവര്‍ ഏറെയുണ്ടാകും. എന്നാല്‍ ദളിത് വിഭാഗം അടക്കമുള്ള സമൂഹത്തിന്‍റെ ഓരങ്ങളില്‍ ഉള്ളവര്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ ദശാബ്‌ദങ്ങളുടെ പോരാട്ടം കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഖാര്‍ഗെ അര്‍ഹിക്കുന്നതാണ്.
അനീതിയോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്‍റെ പോരാട്ടം തുടങ്ങിയത് കുട്ടിക്കാലം മുതലാണ്. സമത്വത്തിനായുള്ള പോരാട്ടം, പ്രത്യയശാസ്‌ത്ര പ്രതിബദ്ധത, ദുര്‍ഘട സാഹചര്യങ്ങളെ നേരിടാനുള്ള കഴിവ് ഇവയാണ് തന്‍റെ പിതാവ് കൈവരിച്ച നേട്ടങ്ങള്‍ക്ക് പിറകിലെന്ന അദ്ദേഹത്തിന്‍റെ മകന്‍ പ്രിയങ്കിന്‍റെ അഭിപ്രായം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ രാഷ്‌ട്രീയ ജീവിതം വീക്ഷിച്ചവര്‍ക്ക് അംഗീകരിക്കാന്‍ മടിയുണ്ടാവില്ല.