ബംഗളൂരു: മപ്പന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ദേഹത്തിന്‍റെ സംസ്ഥാനമായ കര്‍ണാടകയില്‍ അറിയപ്പെടുന്നത് 'സൊള്ളിലാദ സരദാര' എന്നാണ്. ഇതിന്‍റെ അര്‍ഥം പരാജയമില്ലാത്ത നേതാവ് എന്നാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്ലികാർജുൻ ഖാർഗെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോൾ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ കൂടി ആവശ്യമാണ് ഖാർഗെയുടെ വിജയം.
ട്വിസ്റ്റുകൾ നിറഞ്ഞ സ്ഥാനാർഥി പ്രഖ്യാപനങ്ങൾക്കൊടുവിലാണ് അവസാന നിമിഷം ഖാർഗെയുടെ സ്ഥാനാർഥിത്വം തീരുമാനിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടില്‍ തുടങ്ങി ദിഗ്‌വിജയ് സിങിലെത്തി നിന്ന ശേഷമാണ് മല്ലികാർജുൻ ഖാർഗെയെ ഹൈക്കമാൻഡ് സ്ഥാനാർഥിയായി തീരുമാനിച്ചത്.
നെഹ്‌റു കുടുംബത്തോട് എന്നും വിശ്വസ്തത: അപ്രതീക്ഷിത സ്ഥാനാർഥിയെങ്കിലും പ്രഖ്യാപനം വന്നതോടെ കോൺഗ്രസ് ദേശീയ നേതൃത്വത്തോട് വിയോജിച്ച് നിന്ന ജി 23 നേതാക്കൾ പോലും ഖാർഗെയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചു. കാരണം നെഹ്‌റു കുടുംബത്തിന്‍റെ വിശ്വസ്ഥനായിട്ടാണ് ഖാര്‍ഗെ എന്നും അറിയപ്പെടുന്നത്.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുകയാണെങ്കില്‍ കര്‍ണാടകയില്‍ നിന്നുള്ള രണ്ടാമത്തെ എഐസിസി അധ്യക്ഷനായിരിക്കും. എസ് നിജലിങ്കപ്പയാണ് കര്‍ണാടകയില്‍ നിന്ന് എഐസിസി അധ്യക്ഷനായ ആദ്യ വ്യക്തി. കൂടാതെ ജഗ്‌ജീവന്‍ റാമിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷനാവുന്ന രണ്ടാമത്തെ ദലിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയുമായിരിക്കും ഖാര്‍ഗെ.
അനുഭവക്കലവറ: രാഷ്‌ട്രീയത്തില്‍ 50 വര്‍ഷത്തില്‍ കൂടുതല്‍ അനുഭവസമ്പത്തുള്ള ഖാർഗെയ്ക്ക് 80 വയസുണ്ട്. കര്‍ണാടക നിയമസഭയിലേക്ക് ഒമ്പത് തവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഖാർഗെ 1969ലാണ് കോണ്‍ഗ്രസ് അംഗമാകുന്നത്. ബിദര്‍ ജില്ലയിലെ വരവാട്ടി ഗ്രാമത്തിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ച ഖാർഗെ നിയമ ബിരുദധാരിയാണ്.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി പരാജയത്തിന്‍റെ രുചിയറിഞ്ഞെങ്കിലും രാജ്യസഭയില്‍ കോൺഗ്രസിന്‍റെ ശബ്‌ദമാണ് ഖാർഗെ. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ റെയില്‍വെ, തൊഴില്‍, സമൂഹ്യ നീതി എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ബുദ്ധമത വിശ്വസിയായ ഖാർഗെ വിവാദങ്ങളില്‍ വീഴാത്ത അപൂർവം കോൺഗ്രസ് നേതാക്കളില്‍ ഒരാളാണ്.