ന്യൂഡൽഹി: വരും ദിവസങ്ങളിൽ ദക്ഷിണേന്ത്യയിലുടനീളം പ്രചാരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഏപ്രിൽ 14ന് തെലങ്കാനയിലെ മഞ്ചേരിയാലിൽ നടക്കുന്ന റാലിയിലും ഏപ്രിൽ 15ന് ബെംഗളൂരുവിലെ പാർട്ടി പരിപാടിയിലും ഏപ്രിൽ 16ന് കോലാറിൽ റാലിയിലും ഖാര്‍ഗെ സംസാരിക്കും. രാഹുൽ ഗാന്ധിക്കെതിരായി ബിജെപി നടത്തുന്ന വേട്ടയാടലിനെതിരായി 'ജയ് ഭാരത് സത്യഗ്രഹത്തിന്‍റെ' ഭാഗമായി ഏപ്രിൽ 14ന് തെലങ്കാനയിലെ മഞ്ചേരിയാലിൽ റാലി സംഘടിപ്പിക്കാനാണ് പാര്‍ട്ടി നീക്കം.
കോണ്‍ഗ്രസ് പാര്‍ട്ടി തെലങ്കാന ഘടകം അധ്യക്ഷൻ രേവന്ത് റെഡ്ഡിയും സിഎൽപി (കോണ്‍ഗ്രസ് നിയമസഭ പാര്‍ട്ടി) നേതാവ് ഭട്ടി വിക്രമാർക്കയും നേതൃത്വം നല്‍കുന്നതാണ് പദയാത്ര. ഏപ്രിൽ 14ന് ഭരണഘടന ശില്‍പി ഡോ. ബിആർ അംബേദ്‌കറിന്‍റെ ജന്മദിനത്തില്‍, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഖാർഗെയുടെ സന്ദർശനം ശക്തമായ സന്ദേശം നൽകുമെന്നാണ് പ്രതീക്ഷയെന്ന് എഐസിസി നേതാവ് മണിക്റാവു താക്കറെ ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ചു. 'മഞ്ചേരിയാലിലെ റാലി വമ്പിച്ച പരിപാടിയാക്കാനാണ് പാര്‍ട്ടി തീരുമാനം.
'ഖാര്‍ഗെയുടെ സ്ഥാനാരോഹണം വലിയ സന്ദേശം': 'കോൺഗ്രസ് അധ്യക്ഷന്‍റെ പ്രസംഗം സംസ്ഥാനത്ത് ശക്തമായ സന്ദേശമായി മാറും. പദയാത്ര നടത്തുന്ന ഞങ്ങളുടെ നേതാക്കള്‍ക്കും പ്രവർത്തകര്‍ക്കും വലിയ ഉണര്‍വ് നല്‍കാനും ഇത് ഇടയാക്കും.'- എഐസിസി ചുമതലയുള്ള മണിക്റാവു താക്കറെ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു. 'ഞങ്ങളുടെ നേതാക്കള്‍ നടത്തുന്ന പദയാത്ര സംസ്ഥാനത്ത് മാറ്റം സൃഷ്‌ടിക്കാന്‍ ഇടയാക്കും. കൂടാതെ, തെലങ്കാനയിലും മറ്റ് സംസ്ഥാനങ്ങളിലും ബിജെപിയെ അസ്ഥിരപ്പെടുത്താനും ഭരണഘടന സംരക്ഷിക്കാനും കോൺഗ്രസ് പ്രചാരണം നടത്തുന്നുണ്ട് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാർശ്വവത്‌കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള ഒരാൾക്ക് ഉന്നത പദവിയിലെത്താന്‍ കഴിയുമെന്ന് തെളിയിക്കുന്നതാണ് ഖാര്‍ഗെയുടെ സ്ഥാനാരോഹണം എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 2022 ഒക്‌ടോബർ 26നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഖാർഗെ പാര്‍ട്ടി പ്രസിഡന്‍റായി അധികാരമേറ്റത്. പാർട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം രാജ്യത്തുടനീളമുള്ള ദലിത് വോട്ടർമാരെ അണിനിരത്താൻ സംസ്ഥാന നേതാക്കളോടും ഖാർഗെ ആവശ്യപ്പെട്ടിരുന്നു.
ALSO READ | പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിച്ച് ഖാര്‍ഗെയുടെ അത്താഴവിരുന്ന് ; 2024 പിടിക്കാന്‍ പ്രചോദനമെന്ന് വിലയിരുത്തല്‍
പാർട്ടി അധ്യക്ഷനായ ശേഷം മല്ലികാര്‍ജുന്‍ ഖാർഗെ പങ്കെടുത്ത ആദ്യ പൊതുയോഗം ഹൈദരാബാദിലായിരുന്നു. അവിടെവച്ച് ബിജെപിയേയും ഭരണകക്ഷിയായ ബിആർഎസിനെയും ആക്രമിക്കാനും അദ്ദേഹം മുതിര്‍ന്നിരുന്നു. ബിജെപിയെ സഹായിക്കാൻ മാത്രമാണ് ബിആർഎസ് പ്രവർത്തിക്കുന്നതെന്നും തങ്ങൾ രണ്ടും സംസ്ഥാനത്ത് പോരാട്ടം നടത്തുമെന്നും ഖാര്‍ഗെ ഉദ്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിന്‍റെ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കവെ താക്കറെ പറഞ്ഞു. ഏപ്രിൽ 15ന് ബെംഗളൂരുവിൽ എത്തുന്ന ഖാര്‍ഗെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളോടൊപ്പം മെയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യും.