ഹാവേരി (കർണാടക) : ദിവസവും ഒരു ലിറ്ററോളം പാൽ ചുരത്തി ആൺ ആട്. നരേഗൽ ഗ്രാമത്തിലെ ചമൻ ഷാവലി ഗല്ലിയിൽ താമസിക്കുന്ന സാദിഖ് മക്കനാടരുടെ വീട്ടിലാണ് അപൂർവ കാഴ്‌ച. സാദിഖിന്‍റെ ഉടമസ്ഥതയിലുള്ള ഒരു വർഷവും ആറ് മാസവും പ്രായമുള്ള സുൽത്താൻ എന്ന് പേരിട്ടിരിക്കുന്ന ആൺ ആടാണ് പാൽ ചുരത്തുന്നത്.
സാദിഖ് മുൻപ് വളർത്തിയിരുന്ന പെൺ ആട് ജന്മം നൽകിയതാണ് സുൽത്താനെ. എന്നാൽ പ്രസവശേഷം പെൺ ആട് ചത്തു. തുടർന്ന് സാദിഖിന്‍റെ കുടുംബം സുൽത്താനെ നേര്‍ച്ച നല്‍കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാൽ സുൽത്താൻ പാൽ ചുരത്തുന്നത് കണ്ട് സാദിഖിന്‍റെ കുടുംബത്തെ പോലെ നാട്ടുകാരും അതിശയത്തിലായി.
വീട്ടിലെ മറ്റ് ആടുകള്‍ക്ക് നല്‍കുന്നതുപോലെ പാലും പലതരം ധാന്യങ്ങളും പച്ചക്കറികളുമാണ് ദിവസവും സുൽത്താന് നൽകുന്നതെന്ന് സാദിഖ് പറയുന്നു. ആൺ ആടുകൾ പാൽ ചുരത്തുന്നത് അപൂർവമാണെന്നും ചില ഹോർമോണുകളില്‍ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകുന്നതെന്നും പ്രദേശത്തെ മൃഗഡോക്‌ടർ പറഞ്ഞു.