കുളു : മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ് യാത്രാഭൂപടത്തില്‍ സവിശേഷതകള്‍ അനവധിയുള്ള കുളു. സഞ്ചാരം ഇഷ്ടപ്പെടുന്നവര്‍, ഒരിക്കലെങ്കിലും ഹിമാചല്‍ പ്രദേശിലെ കുളു സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കും. ഇവിടെയെത്തുന്നവരുടെ മുഖ്യ ആകര്‍ഷണയിടമാണ് മലാന ഗ്രാമം. വ്യത്യസ്തമായ ആചാരങ്ങള്‍, സമ്പന്നമായ ചരിത്രം, ഏറെ പ്രത്യേകത നിറഞ്ഞ സംസ്കാരം ഇവയെല്ലാം മലാന ഗ്രാമത്തിന്‍റെ സവിശേഷതകളാണ്.
മരം കൊണ്ട് നിര്‍മിച്ച വീടുകളാണ് മലാന ഗ്രാമത്തിലെ പ്രധാന പ്രത്യേകത. മരം കൊണ്ടുള്ള ഈ വീടുകള്‍ 'കത്താകുനി' നിര്‍മാണ രീതിയിലാണ് പടുത്തുയര്‍ത്തുന്നത്. ഗ്രാമത്തിലെ വീടുകളെല്ലാം ഇത്തരത്തില്‍ നിര്‍മിച്ചവയാണ്. അടുത്തകാലങ്ങളിലായി വീടുകള്‍ക്ക് തീപിടിക്കുന്നത് വര്‍ധിച്ചു. മാത്രമല്ല നിര്‍മാണത്തിനുള്ള പ്രധാന അസംസ്കൃത വസ്തുവായ മരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടും നേരിട്ടുതുടങ്ങി. ഇതോടെയാണ് ജനങ്ങള്‍ കോണ്‍ക്രീറ്റ് വീടുകളിലേക്ക് മാറിത്തുടങ്ങിയത്.
മാത്രമല്ല കൃഷി, ഭരണം, സംസ്കാരം ഭാഷ തുടങ്ങിയവയെല്ലാം മലാനയെ വേറിട്ടതാക്കുന്നു. ആചാരങ്ങളെ മുറുകെ പിടിക്കുന്നവരാണ് മലാനക്കാര്‍, സ്വതന്ത്ര ഇന്ത്യയുടെ ഭാഗമെങ്കിലും ഇവിടുത്തുകാര്‍ പക്ഷേ നിയമവും നിയമ നിര്‍മാണവും സ്വതന്ത്രമായി നടത്തി. പൊലീസിനേയും ഭരണകൂടത്തേയും ഗ്രാമത്തിന് പുറത്തുനിര്‍ത്തി.
മാറ്റത്തിന്‍റെ കാറ്റ് മറ്റെല്ലാത്തിലും എന്നപോലെ മലാനയേയും തൊട്ടുതുടങ്ങി. മലാനയിപ്പോള്‍ പുത്തന്‍ നിര്‍മാണ രീയിലേക്കും ആധുനിക സംസ്കാരത്തിലേക്കും മാറുകയാണ്. ഇതോടെ മായുന്നത് ഗ്രാമത്തിന്‍റെ തനത് സംസ്കാരവും മുഖവും കൂടിയാണെന്ന് നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ആധുനികതയിലേക്കുള്ള അവരുടെ മാറ്റത്തെ നല്ലതെന്ന് വിലയിരുത്തുന്നവരും ഏറെയാണ്.
'മലാന ക്രീം' പ്രധാന വരുമാന മാര്‍ഗം : ലോകത്തിലെ തന്നെ പ്രധാന ലഹരി വസ്തുക്കളില്‍ ഒന്നായാണ് 'മലാന ക്രീം' അറിയപ്പെടുന്നത്. കഞ്ചാവ് ചേര്‍ത്ത് നിര്‍മിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ഹാഷിഷാണിത്. മലാന ഗ്രാമത്തില്‍ നിര്‍മിക്കുന്നതിനാലാണ് ഇതിന് 'മലാന ക്രീം' എന്ന പേര് ലഭിച്ചത്.
സഞ്ചാരികളില്‍ പലരും മലാനയിലെ കഞ്ചാവ് ചെടിക്കായി മാത്രം ഇവിടേക്ക് എത്താറുണ്ട്. ഇതോടെ പ്രദേശത്തുകാര്‍ വ്യാജമദ്യം ഉള്‍പ്പടെ നിര്‍മിച്ച് വില്‍പ്പനയും ആരംഭിച്ചിരുന്നു. മലാന ക്രീമിനും കഞ്ചാവിനും രാജ്യത്തിന് അകത്തും പുറത്തും ആവശ്യക്കാര്‍ ഏറെയാണ്.
മലാനയില്‍ വിളയുന്ന കഞ്ചാവ് ഗുണനിലവാരത്തില്‍ ഏറെ മുന്നിലാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ ലോകത്തിന്‍റെ പല ഭാഗത്തും മലാനയുടെ പേരില്‍ വ്യാജമായി കഞ്ചാവ് വില്‍പ്പനയും നടക്കുന്നുണ്ട്. മലാന കഞ്ചാവിന് ലഭിക്കുന്ന പ്രീതിയും വിലയുമാണ് ഇതിന്‍റെ പ്രധാന കാരണം.
കഞ്ചാവിനായി സഞ്ചാരികള്‍ എത്തിയതോടെ ജനങ്ങള്‍ വ്യാജമദ്യം നിര്‍മിച്ച് വില്‍പ്പനയും ആരംഭിച്ചിരുന്നു. ഇതോടെ ഹിമാചാല്‍ പൊലീസെത്തി ബോധവല്‍ക്കരണവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയെങ്കിലും അത് കാര്യമായി ഫലവത്തായില്ല.
വലിയ അളവിലുള്ള കഞ്ചാവ് നിര്‍മാണം പ്രദേശത്തെ മണ്ണിന്‍റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയെന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പടുന്നത്. നിലവില്‍ ഈ മണ്ണില്‍ ധാന്യങ്ങളോ മറ്റ് വസ്തുക്കളോ വിളയിക്കാന്‍ കഴിയാത്ത രീതിയിലേക്ക് മാറിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇക്കാര്യം മനസിലാക്കിയ മണ്ണ് ശാസ്ത്രജ്ഞര്‍ ദീര്‍ഘനാളത്തെ തങ്ങളുടെ ഗവേഷണത്തിനൊടുവില്‍ ഗ്രാമത്തിലെ മണ്ണില്‍ വിളയുന്ന ഭക്ഷ്യവിത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ കര്‍ഷകര്‍ക്കും ഗ്രാമവാസികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും വരും നാളുകളില്‍ മണ്ണിന്‍റെ നഷ്ടപ്പെട്ട ഗുണങ്ങള്‍ തിരിച്ചുപിടിക്കാനാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.
ജമാദാഗ്നി ഋഷി ക്ഷേത്രം : മലാനയിലെ ജമാദാഗ്നി ഋഷി ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. മഹാവിഷ്ണുവിന്‍റെ അവതാരമായ പരശുരാമന്‍റെ പിതാവായിരുന്നു ജമാദാഗ്നി ഋഷി. ധ്യാനിക്കാന്‍ സ്ഥലം അന്വേഷിച്ച് നടന്ന ഋഷി ഒടുവില്‍ മലാന ഗ്രാമം കണ്ടെത്തി ഇവിടെ ധ്യാനത്തിലിരുന്നു എന്നാണ് വിശ്വാസം. ഗ്രാമവാസികള്‍ ഋഷിയെ ആരാധിക്കാനായി ക്ഷേത്രവും നിര്‍മിച്ചു. ജമാദാഗ്നി ഋഷിയെ ഗ്രമാവാസികള്‍ 'ജംലു' എന്നാണ് വിളിക്കുന്നത്.
എന്നാല്‍ ജംലു ക്തേത്രത്തില്‍ പക്ഷേ ഋഷിയുടെ ചിത്രങ്ങളോ പ്രതിമകളോ ഇല്ലെന്നതാണ് പ്രധാന പ്രത്യേകത. കല്ലും മരവും കൊണ്ട് നിര്‍മിച്ച ക്ഷേത്രത്തിന്‍റെ ഒരു സ്വര്‍ണത്തിന്‍റ രൂപം മാത്രമാണുള്ളത്. ഗ്രാമത്തിലെ ഏക ദൈവവും ജംലുവാണ്. ക്ഷേത്ര പൂജാരിയെ ഗ്രാമവാസികള്‍ ജംലുവായി കാണുകയും അദ്ദേഹത്തിന്‍റെ ആജ്ഞകള്‍ അനുസരിക്കുകയും ചെയ്യുന്നു. ഇത് ഇന്നും തുടര്‍ന്നുവരുന്ന രീതിയാണ്.
പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമില്ല : ഗ്രാമം കാണാന്‍ നിരവധി പേരാണ് മലാനയിലേക്ക് എത്തുന്നതെങ്കിലും കനത്ത നിയന്ത്രണങ്ങളാണ് സന്ദര്‍ശകര്‍ക്ക് ഗ്രാമവാസികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രിയില്‍ സന്ദര്‍ശകരെ ആരെയും ഗ്രാമവാസികള്‍ അനുവദിക്കില്ലെന്ന് മാത്രമല്ല ഗ്രാമത്തിലേക്ക് കയറും മുമ്പ് ഇവിടുത്തെ നിയമങ്ങള്‍ വായിച്ച് മനസിലാക്കി പ്രവര്‍ത്തിക്കുകയും വേണം.
എന്തെല്ലാം ചെയ്യാമെന്നും ചെയ്യരുതെന്നും കൃത്യമായി ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതി തയ്യാറാക്കിയിട്ടുണ്ട്. ഇത് അംഗീകരിച്ച് ഗ്രാമത്തില്‍ കയറുന്നവര്‍ നിയമം തെറ്റിച്ചാല്‍ ഗ്രാമവാസികള്‍ പിഴ ഈടാക്കും. ഗ്രാമത്തിന്‍റെ പൈതൃകം സംരക്ഷിക്കുന്നതിനായാണ് ഇത്തരം ഒരു രീതി ഇവര്‍ തുടര്‍ന്നുപോരുന്നത്.
പൊലീസും ഭരണകൂടവും പടിക്ക് പുറത്ത് : തികഞ്ഞ ജനാധിപത്യ സംവിധാനത്തിലാണ് ഗ്രാമം പ്രവര്‍ത്തിക്കുന്നതെങ്കിലും പൊലീസിനേയോ കോടതിയേയോ ഇന്ത്യന്‍ ഭരണകൂടത്തേയോ ഇവര്‍ ഇന്നും ഗ്രാമത്തിലേക്ക് കയറാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മാറ്റം വന്നു തുടങ്ങി. പര്‍ലമെന്‍റിന് സമാനമായി രണ്ട് സഭകള്‍ ഗ്രാമത്തിലുമുണ്ട്. ജ്യേഷ്ടാംഗ (ഉപരിസഭ) കനിഷ്ടാംഗ (അധോസഭ) എന്നിങ്ങനെ രണ്ട് സഭകളാണ് ഇവിടുത്തെ നിയമങ്ങള്‍ നടത്തുന്നതും തീരുമാനിക്കുന്നതും.
ഉപരിസഭയില്‍ 11 അംഗങ്ങളാണുള്ളത്. ഇവരില്‍ മൂന്ന് പേര്‍ സ്ഥിരം അംഗങ്ങളും ബാക്കി വരുന്ന 8 പേര്‍ ജനങ്ങള്‍ വോട്ടെടുപ്പിലുടെ തെരഞ്ഞെടുക്കുന്നവരുമാണ്. അധോസഭയിലെ അംഗങ്ങളാകട്ടെ എല്ലാ വീടുകളില്‍ നിന്നുമുള്ള ഓരോ അംഗത്തെ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അവരവരുടെ വീട്ടിലെ മുതിര്‍ന്ന അഗംമാകും അധോസഭയിലെ കുടുംബത്തെ പ്രതിനിധാനം ചെയ്യുക.
ഗ്രാമവസികള്‍ക്കിടയിലെ സിവില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നീരുമാനിക്കുന്നതും പരിഹാരം കാണുന്നതും ഇവര്‍ തന്നെയാണ്. അതിനാല്‍ തന്നെ പൊലീസോ മറ്റ് അധികാരികളോ ഇവിടേക്ക് പ്രവേശിക്കാറുണ്ടായിരുന്നില്ല. ഏതെങ്കിലും തരത്തില്‍ കുറ്റം അധോസഭക്ക് പരിഹരിക്കാന്‍ പറ്റിയില്ലെങ്കില്‍ വിഷയം ഉപരിസഭ ഏറ്റെടുക്കും.
ഇവിടെയും പരിഹരിക്കപ്പെട്ടില്ലെങ്കിലും വിഷയം ജംലു ദേവതയുടെ ക്ഷേത്രത്തിലേക്ക് പോകും. വാദിഭാഗവും പ്രതിഭാഗവും ക്ഷേത്രത്തിലെത്തുക ആടുകളേയും കൊണ്ടാണ്. ഇവിടെവച്ച് ആടുകളുടെ കാലില്‍ നിശ്ചിത അളവില്‍ വിഷം കെട്ടിവയ്ക്കും. ഏത് ആടാണോ ആദ്യം ചാകുന്നത് അതിനെ കൊണ്ടുവന്നയാളെ കുറ്റക്കാരനായി കണ്ടെത്തും.
ഏതെങ്കിലും ഗ്രാമവാസി ഇതിനെ എതിര്‍ത്താല്‍ അയാളെ ഇവിടെ നിന്നും പുറത്താക്കും. ഗ്രാമവാസികളുടെ ഇത്തരം പ്രാകൃത രീതികളെ പുതുതലമുറ എതിര്‍ത്ത് തുടങ്ങിയിട്ടുണ്ട്. അവര്‍ പ്രശ്നപരിഹാരത്തിന് പൊലീസ് സ്റ്റേഷനെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും പൂര്‍ണമായം മാറ്റം സംഭവിച്ചിട്ടില്ല.
ആശയ വിനിമയം കാനശി ഭാഷയില്‍ : വ്യത്യസ്‌തമാര്‍ന്ന ഭാഷയിലാണ് മലാനയിലെ ഗ്രമാവസികള്‍ ആശയവിനിമയം നടത്തുന്നത്. കനാശി എന്നാണ് ഈ ഭാഷയുടെ പേര്. പവിത്രമായ ഭാഷയെന്നാണ് ഇവര്‍ തങ്ങളുടെ ഭാഷയെ വിശേഷിപ്പിക്കുന്നത്. മലാന ഗ്രാമത്തിൽ മാത്രം സംസാരിക്കുന്ന ഈ ഭാഷ പുറത്തുള്ളവരെ പഠിപ്പിക്കാറില്ല.
മാത്രമല്ല ഗ്രാമത്തിന് പുറത്തുള്ളവരെ തൊടാനോ കൈകൊടുക്കാനൊ ഗ്രാമവാസികള്‍ക്ക് അവകാശവുമില്ല. പുതു തലമുറ ഇത്തരം കാര്യങ്ങളെ എതിര്‍ക്കുകയും അവര്‍ പുറത്തുള്ളവരുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നുണ്ട്.
കൊവിഡ് തൊടാത്ത ഇന്ത്യന്‍ ഗ്രാമം : 2350 പേര്‍ താമസിക്കുന്ന ഗ്രാമത്തില്‍ ഒരാള്‍ക്കും പോലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. ജംലു ദേവത കൊവിഡില്‍ നിന്നും തങ്ങളെ രക്ഷിച്ചു എന്നാണ് ഇവരുടെ വിശ്വാസം. കൊവിഡ് കാലത്ത് ഗ്രാമത്തിലേക്ക് സന്ദര്‍ശകരെ കയറ്റിയിരുന്നില്ലെന്ന് മാത്രമല്ല അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ഗ്രാമവാസികള്‍ പുറത്തുപോയിരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജു റാം പറഞ്ഞു. അതിനാല്‍ തന്നെ ഗ്രാമത്തില്‍ ആര്‍ക്കും കൊവിഡ് പിടിപെട്ടിരുന്നില്ല.
നേരിട്ടെത്തി അനുവാദം തേടി കമ്മിഷണര്‍ : 2020 ഓടെ രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമത്തിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു. എന്നാല്‍ ഗ്രാമത്തിലുള്ളവര്‍ ഇതിന് അനുമതി നല്‍കിയില്ല.
ഇതൊടെ കുളു ഡെപ്യൂട്ടി കമ്മിഷണര്‍ തന്‍റെ സുരക്ഷാ സൈനികര്‍ക്കൊപ്പം ഗ്രാമത്തിലെത്തി മുഖ്യ പൂജാരിയുമായി സംസാരിച്ചു. ജംലു ക്ഷേത്രത്തിന് മുമ്പില്‍ വച്ച് കമ്മിഷണര്‍ ആവശ്യപ്പെട്ടതിന് ശേഷം മാത്രമാണ് ആളുകള്‍ക്ക് വാക്സിന്‍ എടുക്കാന്‍ സമ്മതിച്ചത്.
മദ്യം, മാസം, മത്സ്യം എല്ലാത്തിനും വിലക്ക് : ഗ്രാമത്തില്‍ നിലവിലെ പൂജാരിയുടെ കല്‍പ്പന പ്രകാരം മദ്യം, മാസം, മത്സ്യം എന്നിവ ഉപയോഗിക്കാറില്ല. അതിനിടെ കഴിഞ്ഞ ഒക്ടോബര്‍ 27ന് ഗ്രാമത്തില്‍ ഒരു തീപിടിത്തം ഉണ്ടായിരുന്നു. ഇതോടെ 38 കുടുംബങ്ങളില്‍ നിന്നായി 150 ഓളം പേര്‍ ഭവന രഹിതരായി.
Also Read: കുളുവില്‍ മഞ്ഞുവീഴ്‌ച; ജനജീവിതം സ്‌തംഭിച്ചു
ഇതിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമത്തിലേക്ക് ടൂറിസ്റ്റുകള്‍ വരുന്നത് ഗ്രാമവാസികള്‍ വിലക്കി. മാത്രമല്ല സന്ദര്‍ശകര്‍ക്കായി ഗസ്റ്റ് ഹൗസുകള്‍ ഒരുക്കുന്നതും നിര്‍ത്തിയിട്ടുണ്ട്. ഗ്രാമത്തിലെ പൂജാരിയുടെ വാക്ക് കേള്‍ക്കാതെ സന്ദര്‍ശകരെ കയറ്റിയതാണ് ഇത്തരം ദുരന്തത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇതോടെയാണ് അദ്ദേഹത്തിന്‍റെ ഉത്തവ് പ്രകാരം മദ്യം, മാസം, മത്സ്യം എന്നിവ നിരോധിച്ചത്. നാട്ടില്‍ ജോലികള്‍ക്കായി എത്തിയവരെ ഗ്രാമത്തിന് പുറത്ത് താത്കാലിക ഷെഡുകള്‍ ഉണ്ടാക്കിയാണ് ഗ്രാമവാസികള്‍ പാര്‍പ്പിച്ചിരിക്കുന്നത്.
മാറ്റം മലാനയെ തൊടുന്നു : ആചാരങ്ങള്‍ മുറുകെ പിടിക്കുമ്പോഴും മാറ്റം മലാനയേയും തൊടുകയാണ്. മരങ്ങള്‍ ഉപയോഗിച്ചുള്ള വീടുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് വീടുകള്‍ വന്നുതുടങ്ങി. സന്ദര്‍ശകരെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിച്ചു. രാത്രിയില്‍ താമസം അനുവദിച്ചിട്ടില്ലെങ്കിലും ഗ്രാമത്തിന് പുറത്ത് ഗസ്റ്റ് ഹൗസുകളൊരുക്കി ഗ്രാമവാസികള്‍ സന്ദര്‍ശകരെ താമസിപ്പിക്കുന്നുണ്ട്.
തങ്ങളുടെ കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പൊലീസിനേയും പ്രാദേശിക ഭരണകൂടത്തേയും ജനം സമീപിക്കുന്നു. ഗ്രാമത്തിലെ ആളുകള്‍ പുറത്തുനിന്നുള്ളവരെ വിവാഹം ചെയ്യുകയോ മറിച്ചോ സംഭവിച്ചിരുന്നില്ല. എന്നാലിപ്പോള്‍ മാറ്റത്തിന്‍റെ കാറ്റ് വിവാഹത്തിലും തൊട്ടിരിക്കുന്നു.
ഗ്രാമവാസികള്‍ അല്ലാത്തവര്‍ ഗ്രാമത്തിലെത്തി വിവാഹം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ ഗ്രാമത്തില്‍ നടപ്പാക്കാന്‍ ഭരണകൂടം മുന്‍കൈ എടുത്തിട്ടുണ്ട്. ഇതോടെ പല പദ്ധതികളും ഗ്രാമത്തലവന്‍മാരുമായി ആലോചിച്ച് നടപ്പാക്കി തുടങ്ങി. ഇത്തരത്തില്‍ മാറ്റത്തിനൊപ്പമുള്ള യാത്ര മലാനയും ആരംഭിച്ചുതുടങ്ങി.
20 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഗ്രാമത്തില്‍ സ്കൂള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നെറ്റ്‌വര്‍ക്ക് കണക്ഷന്‍റേയും മറ്റും അഭാവം ഇപ്പോഴും വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങളില്‍ നിന്നും ഗ്രാമത്തെ അകറ്റുകയാണ്. എന്നിരിക്കിലും ഗ്രാമത്തിലെ വിദ്യാഭ്യാസം ലഭിക്കുന്ന പുതു തലമുറയിലെ ചിലര്‍ ഇത്തരം സൗകര്യങ്ങളെല്ലാം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടെന്നതും ശുഭ സൂചകമാണ്.