പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ (Mohanlal) ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍' (Malaikottai Vaaliban). പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.
'മലൈക്കോട്ടൈ വാലിബന്‍' ക്രിസ്‌മസ് റിലീസായി (Malaikottai Vaaliban release) എത്തുമെന്നും സിനിമയുടെ തിയേറ്റര്‍ ചാര്‍ട്ടിങ് തുടങ്ങിയതായുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം സിനിമയുമായി ബന്ധപ്പെട്ടുള്ള വൃത്തങ്ങള്‍ അറിയിച്ചിട്ടില്ല. അണിയറപ്രവര്‍ത്തകരുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
നിലവില്‍ സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നുമാണ് ട്വീറ്റുകള്‍. അഞ്ച് മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ (Lijo Jose Pellissery) 'മലൈക്കോട്ടൈ വാലിബന്‍' വളരെ വ്യത്യസ്‌തമായ ചിത്രമാകുമെന്ന് നേരത്തെ മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. ഇത് ലിജോയുടെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മോഹന്‍ലാല്‍ പറയുകയുണ്ടായി.
'ലിജോ ജോസ് എന്താണ് എന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ. നമ്മളെന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെ ആണ് അറിയേണ്ടത്. മലൈക്കോട്ടൈ വാലിബന്‍ അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവിശ്വസനീയമായ ചിത്രീകരണം ആയിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദങ്ങളിലൂടെ കടന്നു പോയി. എന്നാല്‍ അതെല്ലാം നാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങള്‍ ഒക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്‌ക്രീന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്‌ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്‌തമായ ചിത്രമാവും. എന്നെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചതിന് നന്ദി' -ഇപ്രകാരമാണ് സിനിമയെ കുറിച്ച് മോഹന്‍ലാല്‍ മുമ്പൊരിക്കല്‍ പറഞ്ഞത്.
ജൂണ്‍ 13നാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്. 'മലൈക്കോട്ടൈ വാലിബന്‍' ചിത്രീകരണം പൂര്‍ത്തിയാക്കിയ വേളയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും, അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. '55 ദിവസത്തെ ചിത്രീകരണം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഞങ്ങള്‍ എല്ലാവരും സന്തുഷ്‌ടരാണ്. ഈ സിനിമ എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയായി മാറട്ടെ. പ്രേക്ഷകര്‍ എല്ലാവരും ഇഷ്‌ടപ്പെടട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് പാക്കപ്പ്' -ഇപ്രകാരമാണ് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.
രാജസ്ഥാന്‍ ആയിരുന്നു 'മലൈക്കോട്ടൈ വാലിബന്‍റെ' പ്രധാന ലൊക്കേഷന്‍. 77 ദിവസം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു രാജസ്ഥാനില്‍. സിനിമയുടെ ആദ്യ ഷെഡ്യൂളും രാജസ്ഥാനിലായിരുന്നു. സിനിമയുടെ രണ്ട് ഘട്ടങ്ങള്‍ രാജസ്ഥാനില്‍ വച്ച് പൂര്‍ത്തിയാക്കി. പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളായിരുന്നു സിനിമയുടെ മറ്റ് ലൊക്കേഷനുകള്‍. രണ്ടാം ഷെഡ്യൂള്‍ ചെന്നൈയിലായിരുന്നു. ചെന്നൈയിലെ ഗോകുലം സ്‌റ്റുഡിയോസും പ്രധാന ലൊക്കേഷനായിരുന്നു.
ബംഗാളി നടി കഥാ നന്ദി, സൊണാലി കുല്‍ക്കര്‍ണി, ഡാനിഷ് സേഠ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. ഇവരെ കൂടാതെ മണികണ്‌ഠന്‍ ആചാരി, രാജീവ് പിള്ള, ഹരീഷ് പേരടി, മനോജ് മോസസ് എന്നിവരും അണിനിരക്കും. വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പി എസ് റഫീഖിന്‍റേതാണ് തിരക്കഥ. മധു നീലകണ്‌ഠന്‍ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിര്‍വഹിക്കും. ഷിബു ബേബി ജോണിന്‍റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മൊണാസ്‌ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
Also Read: ലിജോ ജോസ് എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ : മോഹന്‍ലാല്‍