ന്യൂഡൽഹി : മുൻ തൊഴിലുടമയെ കൊലപ്പെടുത്തിയതിന് 26കാരിയായ വീട്ടുജോലിക്കാരിയെയും ഭർത്താവിനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ അക്ഷയ് യാദവ്(21) എന്നയാളും ഭാര്യയുമാണ് അറസ്റ്റിലായത്. ഷീല യാദവ്(41) ആണ് കൊല്ലപ്പെട്ടത്.
ബന്ധുക്കൾ ഷീലയെ ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതിനെ തുടർന്ന് വീട്ടിൽ അന്വേഷിച്ച് ചെന്നപ്പോൾ വീട് പുറത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. എന്നാൽ സമീപത്ത് രക്തക്കറ കണ്ടതിനെ തുടർന്ന് സംശയം തോന്നി പൊലീസിനെ അറിയിച്ചു.
ഗോവിന്ദ്പുരി പൊലീസ് എത്തി കതക് തുറന്നപ്പോൾ ഷീലയെ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിനിടെ ഫരീദാബാദിൽ നിന്നും പ്രതികളെ പിടികൂടി.
ഓട്ടോറിക്ഷ ഡ്രൈവറാണ് അക്ഷയ്. നിരന്തരം ലൈംഗിക വ്യാപാരത്തിന് നിർബന്ധിച്ചതിനാലാണ് ഷീലയെ കൊലപ്പെടുത്തിയതെന്നാണ് ഇവര് പൊലീസിന് നല്കിയിരിക്കുന്ന മൊഴി.