റായദുർഗം : കന്നട നടനായ പൂർണചന്ദ് റാവുവിന്‍റെ വീട്ടിലെ ആയ ആത്മഹത്യ ചെയ്‌ത നിലയിൽ. 28കാരിയായ കാക്കിനട സ്വദേശിനിയാണ് ആത്മഹത്യ ചെയ്‌തത്. യുവതിയുടെ പിതാവിന്‍റെ പരാതിയിൽ റായ്‌ദുർഗം പൊലീസ് കേസെടുത്തു.
കിഴക്കൻ ഗോദാവരി ജില്ലയിൽ നിന്നുള്ള വ്യവസായിയായ പൂർണചന്ദ് റാവു ചില കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പത്ത് വർഷം മുൻപാണ് ഇയാൾ മണികൊണ്ടയിലേക്ക് താമസം മാറിയത്. ബഞ്ചാര ഹിൽസിൽ ഹോം തിയറ്റർ ബിസിനസ് നടത്തുകയാണ് ഇയാൾ.
മണികൊണ്ടയിലെ ലാങ്കോഹിൽസ് അപ്പാർട്ട്മെന്‍റിൽ 15 എൽഎച്ച് ബ്ലോക്കിൽ ഭാര്യക്കും മകൾക്കുമൊപ്പമാണ് ഇയാൾ താമസിക്കുന്നത്. കാക്കിനട സ്വദേശിയായ യുവതി ഇയാളുടെ മകളുടെ കെയർടേക്കറായി 10 വർഷമായി ജോലി ചെയ്യുകയാണ്. ഇയാളുടെ അപ്പാർട്ട്‌മെന്‍റിൽ നിന്നുകൊണ്ടാണ് ഇവർ ജോലി ചെയ്യുന്നത്.
പിന്നീട്, പൂർണചന്ദ് റാവുവും യുവതിയും തമ്മിൽ സൗഹൃദത്തിലായെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, കുറച്ച് നാളുകളായി ഇവർക്കിടയിൽ ചില തർക്കങ്ങൾ ഉടലെടുത്തു. തർക്കം രൂക്ഷമായതോടെ പൂർണചന്ദ് റാവു തന്‍റെ മകളുടെ സംരക്ഷണത്തിനായി മറ്റൊരു യുവതിയെ വീട്ടിലെത്തിച്ചു.
ഇതോടെ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. രാത്രി ഒൻപത് മണി മുതൽ 12 മണി വരെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായാണ് പൊലീസ് പറയുന്നത്. തർക്കത്തിനൊടുവിൽ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും പൊലീസ് കൂട്ടിച്ചേർത്തു. പൂർണചന്ദ് റാവുവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ അപ്പാർട്ട്‌മെന്‍റിൽ ദിവസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണ് ഇതെന്നും പ്രദേശവാസികൾ പറയുന്നു.
നീറ്റ് പാസായില്ല, അച്ഛനും മകനും ആത്മഹത്യ ചെയ്‌തു : നീറ്റ് പരീക്ഷ പാസാകാത്തതിൽ മനംനൊന്ത് അച്ഛനും മകനും ആത്മഹത്യ ചെയ്‌തു. ചെന്നൈ, ക്രോംപേട്ട് സ്വദേശിയായ എസ് ജഗദീശ്വരൻ, പിതാവ് സെൽവശേഖർ എന്നിവരാണ് ജീവനൊടുക്കിയത്. തുടർച്ചയായ രണ്ടാം തവണയായിരുന്നു ജഗദീശ്വരൻ നീറ്റ് പരീക്ഷ എഴുതിയത്. എന്നാൽ വിജയിക്കാൻ കഴിയാതിരുന്നതോടെ കഴിഞ്ഞ ശനിയാഴ്‌ച ആത്മഹത്യ ചെയ്യുകയായിരുന്നു.
മകന്‍റെ മരണത്തിൽ മാനസികമായി പിതാവ് സെൽവശേഖർ തളർന്നുപോയി. തുടർന്ന് ഇന്ന് രാവിലെ അച്ഛനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സെൽവശേഖർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. നീറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങളെ കണ്ട ശേഷമാണ് സെൽവശേഖർ ആത്മഹത്യ ചെയ്‌തത്.
സംഭവത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് ഒരു മാറ്റം ഉറപ്പ് നൽകുകയും ചെയ്‌തു. യുവസമൂഹം നേരിടുന്ന പ്രശ്‌നങ്ങളിൽ സഹാനുഭൂതിയും എം കെ സ്റ്റാലിൻ പ്രകടിപ്പിച്ചു. തമിഴ്‌നാട് ഗവർണർക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ഗവർണർ ആർ എൻ രവിയുടെ ഹൃദയം പാറക്കല്ല് പോലെയാണ്. എത്ര ജീവൻ നഷ്‌ടമായാലും ദയ തോന്നില്ലെന്നും ഇത്തരം ശിലാഹൃദയൻമാരുടെ കാലത്ത് മനുഷ്യന്‍റെ ജീവന് ഒരു വിലയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Also read : രണ്ടാം തവണയും നീറ്റ് പരീക്ഷ പാസായില്ല; ചെന്നൈയിൽ വിദ്യാർഥിയും പിതാവും ആത്മഹത്യ ചെയ്‌തു