ഡൽഹി: മുൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു (Mahua Moitra Vacates Official Bungalow). മഹുവ മൊയ്ത്രയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഡയറക്‌ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് ഉദ്യോഗസ്ഥർ എത്തിയിരുന്നു.
"വസതി ഒഴിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥർ എത്തുന്നതിനു മുൻപ് തന്നെ ടെലിഗ്രാഫ് ലെയ്‌നിലെ 9 ബി നമ്പർ വീട് മഹുവ മൊയ്‌ത്ര ഒഴിഞ്ഞു. രാവിലെ പത്തുമണിയ്ക്കാണ് വീടൊഴിഞ്ഞത്." - അഭിഭാഷകൻ ഷാദൻ ഫരാസത്ത് പറഞ്ഞു. ഡിഒഇ ഉദ്യോഗസ്ഥർക്ക് വസതിയുടെ കൈവശാവകാശം കൈമാറിയെന്നും ഫറാസത്ത് അറിയിച്ചു.
ഈ ആഴ്‌ചയുടെ തുടക്കത്തിൽ തന്നെ വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് ഡയറക്‌ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന്‍റെ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ മഹുവ മൊയ്ത്ര വ്യാഴാഴ്‌ച ഡൽഹി ഹൈകോടതിയെ സമീപിച്ചെങ്കിലും വിഷയത്തിൽ ഡയറക്‌ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന്‍റെ അനുമതി വാങ്ങാനായിരുന്നു കോടതിയുടെ നിർദേശം. അതേസമയം സർക്കാർ ഔദ്യോഗിക വസതിയിൽ നിന്നും അംഗത്വം നഷ്‌ടപ്പെട്ട എം പിമാരെ പുറത്താക്കുന്നതിനായുള്ള പ്രത്യേക നിയമങ്ങൾ നിലവിലില്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മഹുവ മൊയ്ത്രയോട് ഉടന്‍ ഔദ്യോഗിക വസതിയൊഴിയാന്‍ ഡയറക്‌ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് നിര്‍ദ്ദേശം നൽകിയത്. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞമാസമാണ് മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കിയത് (Mahua moitra eviction Notice). പാര്‍ലമെന്‍റംഗം എന്ന നിലയില്‍ അനുവദിക്കപ്പെട്ട വസതിയൊഴിയാനായിരുന്നു നിര്‍ദ്ദേശം(mahua moitra served eviction notice to vacate govt bungalow).
വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് അനധികൃതമായി സമ്മാനങ്ങള്‍ സ്വീകരിച്ചെന്നും പാര്‍ലമെന്‍റ് വെബ്സൈറ്റിന്‍റെ ഐഡിയും പാസ് വേഡും കൈമാറി എന്നുമായിരുന്നു മൊയ്ത്രയ്ക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍. കൂടാതെ പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കാന്‍ ഇവര്‍ കോഴ വാങ്ങിയെന്നും ആരോപണമുയര്‍ന്നു. ഇതേ തുടര്‍ന്നാണ് അവരെ അയോഗ്യയാക്കിയത്.
പാര്‍ലമെന്‍റില്‍ വിശദീകരണത്തിന് പോലും അവസരം നല്‍കാതെയാണ് തന്നെ പുറത്താക്കിയതെന്ന ആരോപണം മൊയ്ത്ര ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം മൊയ്ത്രയ്ക്ക് നോട്ടീസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ അവരെ ഒഴിപ്പിക്കാനായി നേരിട്ടെത്തി. ജനുവരി ഏഴിന് തന്നെ ഔദ്യോഗിക വസതി ഒഴിയണമെന്ന് മൊയ്ത്രയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്ത് കൊണ്ട് വസതി ഒഴിയിന്നില്ലെന്ന കാരണം ബോധിപ്പിക്കാന്‍ ജനുവരി എട്ടിന് ആവശ്യപ്പെട്ടു. വീണ്ടും ജനുവരി പന്ത്രണ്ടിന് നോട്ടീസ് നല്‍കി.
ഔദ്യോഗിക വസതിയില്‍ തുടര്‍ന്നും താമസിക്കാന്‍ അനുവദിക്കണമെന്ന് ഡയറക്‌ടറേറ്റ് ഓഫ് എസ്റ്റേറ്റിനോട് അഭ്യര്‍ത്ഥിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ജനുവരി ഏഴിന് തൃണമൂല്‍ നേതാവിനോട് നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ആണ് ഡയറക്‌ടറേറ്റിന്‍റെ നിര്‍ദ്ദേശം ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച മൊയ്ത്രയുടെ ഹര്‍ജി പരിഗണിക്കവെ ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. അധികാരത്തില്‍ നിന്ന് ഒഴിയുകയോ കാലാവധി അവസാനിക്കുകയോ ചെയ്‌താലും ആറ് മാസം കൂടി ഔദ്യോഗിക വസതി ഉപയോഗിക്കാമെന്ന നിയമം നിലവിലുണ്ട്. ചില സാഹചര്യത്തില്‍ നാമമാത്രമായ വാടക നല്‍കിയും കൂടുതല്‍ കാലം താമസിക്കാന്‍ വ്യവസ്ഥയുണ്ട്.
മൊയ്ത്രയ്ക്ക് ഹര്‍ജി പിന്‍വലിക്കാനും കോടതി അനുമതി നല്‍കി. കേസില്‍ എന്തെങ്കിലും പരാമര്‍ശങ്ങള്‍ നടത്താനും കോടതി വിസമ്മതിച്ചു. ഡയറക്‌ടറേറ്റ് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. നിയമങ്ങള്‍ പാലിച്ച് കൊണ്ടാകണം ഔദ്യോഗിക വസതിയിലെ താമസക്കാരെ ഒഴിപ്പിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.