ഛണ്ഡീഗഡ്: ആധുനിക വിപ്ലവത്തിന്‍റെ യുഗമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. കഴിഞ്ഞ ഒരു ദശാബ്ദ കാലമായി ഏകദേശം എല്ലാ മേഖലകളിലും വലിയ വികസനമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. കൂടുതല്‍ വികസനം ലക്ഷ്യമിട്ടു കൊണ്ട് ലോകം ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ തേടി കൊണ്ടിരിക്കുകയാണ്. അത്തരം ഒരു സാഹചര്യത്തില്‍ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ മാർഗമായി മാറിയിരിക്കുകയാണ് സൗരോർജം.
സൗരോർജം ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ഒരു പുതിയ മാതൃകയായി മാറിയിരിക്കുകയാണ് ഹരിയാനയിലെ സർക്കാർ സർവകലാശാല. റോതക്കിലെ മഹാഋഷി ദയാനന്ദ് സർവകലാശാല, ജാക്‌സണ്‍ എന്ന കമ്പനിയുമായി കൈകോര്‍ത്തു കൊണ്ട് 500 കിലോവാട്ടിന്‍റെ രണ്ട് വലിയ സൗരോര്‍ജ പ്ലാന്‍റുകൾ തങ്ങളുടെ കാമ്പസില്‍ സ്ഥാപിച്ചു. സൗരോർജം ഉപയോഗിക്കുന്നതിലൂടെ സർവകലാശാല തങ്ങളുടെ ചെലവ് ചുരുക്കുക മാത്രമല്ല, അധികം വരുന്ന വൈദ്യുതി വില്‍ക്കുന്നതിലൂടെ വരുമാനവും ഉണ്ടാക്കുകയാണ്. ഒരു മെഗാവാട്ടിന്‍റെ ഒരു സൗരോര്‍ജ പ്ലാന്‍റ് നിലവില്‍ സര്‍വകലാശാലയുടെ കാമ്പസിലുണ്ട്. ഭാവിയില്‍ ഒരു സൗരോർജ പ്ലാന്‍റ് കൂടി സ്ഥാപിക്കാനാണ് സര്‍വകലാശാലയുടെ പദ്ധതി. അത് സാധ്യമാകുന്നതോടു കൂടി വൈദ്യുതി വകുപ്പില്‍ നിന്നും സര്‍വകലാശാലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരില്ല.
സര്‍വകലാശാലയിലെ സൗരോർജ പ്ലാന്‍റുകളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് പുറമെ സംസ്ഥാന സര്‍ക്കാരിന്‍റെ വൈദ്യുതി വകുപ്പില്‍ നിന്നുള്ള കണക്ഷനും ഇവിടേക്ക് എടുത്തിട്ടുണ്ട്. ഏകദേശം 10000 യൂണിറ്റ് വൈദ്യുതിയാണ് സര്‍വകലാശാല ഉപയോഗിക്കുന്നത്. അതേ സമയം ഇവിടെയുള്ള സൗരോർജ പ്ലാന്‍റ് 12000 യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നുണ്ട്. ഇതില്‍ ബാക്കിയുള്ള 2000 യൂണിറ്റ് വൈദ്യുതി, വൈദ്യുതി വകുപ്പിന് കൈമാറുകയും ഇതിലൂടെ ലഭിക്കേണ്ട പണം സർവകലാശാലയുടെ വൈദ്യുതി നിരക്കില്‍ നിന്നും കുറയ്‌ക്കുകയുമാണ് ചെയ്യുന്നത്. സൗരോർജ പ്ലാന്‍റ് വഴി വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിലൂടെ വിദ്യാർഥികളുടെ അഭിനന്ദനവും സർവകലാശാലയെ തേടിയെത്തി. സൗരോർജ പാനലുകള്‍ ചെലവ് വളരെയധികം കുറയ്‌ക്കുമെന്നും അതിലൂടെ സർവകലാശാലയ്‌ക്ക് കൂടുതല്‍ പണം ലഭിക്കുമെന്നും അത് പല രീതിയിൽ തങ്ങൾക്ക് ഗുണകരമായി മാറുമെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
ഊര്‍ജ മേഖലയില്‍ സ്വയം പര്യാപ്‌ത കൈവരിച്ച് മുന്നോട്ട് പോകുക മാത്രമല്ല മഹാഋഷി ദയാനന്ദ് യൂണിവേഴ്‌സിറ്റി ചെയ്യുന്നത്. 2018ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സര്‍ക്കാര്‍ സര്‍വകലാശാലയായി മഹാഋഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയെ തെരഞ്ഞെടുത്തിരുന്നു. സര്‍വകലാശാലയിലെ ഹരിതാഭ കാരണം 'ഓക്‌സിജൻ മേഖല' എന്നാണ് അറിയപ്പെടുന്നത്. നഗരത്തിലെ വായു മലിനീകരണം 150 എം.ജിയിലുള്ളപ്പോഴും കാമ്പസിലെ മലിനീകരണ തോത് (പി എം) 80 ആയി നിലനില്‍ക്കുകയാണ്.