മുംബെെ: കൊവിഡ് വാക്സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി അസ്ലം ഷെയ്ഖ്. വാക്സിന്‍ വിതരണത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും മഹാരാഷ്ട്രയ്ക്ക് കുറഞ്ഞ അളവാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. ഇക്കാരണത്താല്‍ തന്നെ പല വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണെന്നും അദ്ദേഹം അറിയിച്ചു.
'കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. നേരത്തെ കൂടുതൽ പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറന്നിരുന്നു, കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകാൻ ഞങ്ങളോട് പറഞ്ഞിരുന്നെങ്കിലും പിന്നീട് വാക്സിന്‍ നൽകുന്നത് നിർത്തി. മഹാരാഷ്ട്രയ്ക്ക് ലഭിച്ചത് കുറഞ്ഞ അളവാണ്.ക്ഷാമം കാരണം സംസ്ഥാനത്താകെയുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും അടച്ചു'- അസ്ലം ഷെയ്ഖ് മാധ്യമങ്ങളോട് പറഞ്ഞു.
ചെറിയ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ നല്‍കിയതായും, എന്നാല്‍ കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രപോലെ വലിയ സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ ഡോസുകളാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രം മറ്റ് രാജ്യങ്ങൾക്ക് വാക്സിന്‍ നല്‍കുന്നതിന് മഹാരാഷ്ട്രയിലെ ജനങ്ങൾ സാക്ഷിയാണെന്നും അസ്ലം ഷെയ്ഖ് പറഞ്ഞു.