റായ്‌ഗഡ് (മഹാരാഷ്‌ട്ര): റായ്‌ഗഡ് ജില്ലയിലെ ഇർഷൽവാഡി ഉള്‍ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച 16 പേരുടെ മൃതദേഹങ്ങള്‍ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) കണ്ടെടുത്തു. നിരവധി വീടുകള്‍ മണ്ണിനടിയിലായതിനാല്‍ തന്നെ ഖലാപൂർ തെഹ്‌സിലിന് കീഴിലുള്ള കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബുധനാഴ്‌ച രാത്രി 11 നുണ്ടായ മണ്ണിടിച്ചിലില്‍ 226 ആളുകള്‍ താമസിക്കുന്ന പ്രദേശത്ത് നിന്നും ഇതുവരെ 93 പേരെ രക്ഷിക്കുകയും 16 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്‌തിട്ടുണ്ട്.
എന്നാല്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ 119 നിവാസികളെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതേസമയം അന്നേദിവസം കൃഷിപ്പണിക്കും വിവാഹങ്ങള്‍ പേലുള്ള ചടങ്ങുകള്‍ക്ക് പങ്കെടുക്കാനുമായി പോയവരും ഇവരില്‍ ഉള്‍പ്പെടുന്നു. പ്രദേശത്തെ 50 വീടുകളില്‍ 17 എണ്ണം മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടമുണ്ടായ ഉടനെ തന്നെ താനെ ദുരന്ത നിവാരണ സേന (ടിഡിആര്‍എഫ്), പ്രാദേശിക ദുരന്ത നിവാരണ അതോറിറ്റികൾ, റായ്‌ഗഡ് പൊലീസ് എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഇഴഞ്ഞുനീങ്ങി രക്ഷാപ്രവര്‍ത്തനം: ഖലാപൂര്‍ തെഹ്സിലില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂർ വേണം ഇർഷൽവാഡിയിലെത്താൻ. ഇവിടെ നല്ല റോഡുകളുമില്ല. അതുകൊണ്ടുതന്നെ മണ്ണുമാന്തി യന്ത്രം, എക്‌സ്‌കവേറ്ററുകൾ എന്നിവ എളുപ്പത്തിൽ എത്തിക്കാനാവില്ലെന്നും നേരിട്ടുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാത്രമല്ല ബുധനാഴ്‌ച രാത്രിയോടെയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം മോശം കാലാവസ്ഥ കാരണം വ്യാഴാഴ്‌ച നിർത്തിവച്ചിരുന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വ്യാഴാഴ്‌ച നേരിട്ടെത്തി സ്ഥികിഗതികള്‍ വിലയിരുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് മഹാരാഷ്‌ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ദാരുണമായ സംഭവത്തിൽ വേദനയുണ്ടെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അറിയിച്ചു.
മഴ കനത്തത് തിരിച്ചടി: അതേസമയം ജൂലൈ 19 ന് രാത്രി 11 മണിവരെ റായ്‌ഗഡ് ജില്ലയിലെ സാവിത്രി, അംബ, പതൽഗംഗ, കുണ്ഡ്ലിക നദികളിലെ ജലനിരപ്പ് അപകടനിലയേക്കാള്‍ മുകളിലായിരുന്നു. ഇതിനൊപ്പം മഹാരാഷ്‌ട്രയിൽ മഴ ശക്തമായി തുടരുകയും ചെയ്‌തിരുന്നു. ഇതുപ്രകാരം മുംബൈ, താനെ, റായ്‌ഗഡ്, പാൽഘർ ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും അവധിയും പ്രഖ്യാപിച്ചിരുന്നു.
കനത്ത മഴ റിപ്പോര്‍ട്ട് ചെയ്‌ത മുംബൈയുടെ ചില ഭാഗങ്ങളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. താനെ ജില്ലയിൽ ലോക്കൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടിരുന്നു. ചില എക്‌സ്‌പ്രസ് ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്‌തു. മുംബൈയിൽ 110 താഴ്ന്ന പ്രദേശങ്ങൾ ഉണ്ട്. എന്നാല്‍ മഴ ശക്തമായി പെയ്‌തിട്ടും നഗരത്തിൽ ഇതുവരെ വെള്ളക്കെട്ട് രൂപ്പപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഉയര്‍ത്തുന്ന അവകാശവാദം.