മുംബൈ : മഹാരാഷ്‌ട്ര പ്രതിസന്ധിയിൽ ഷിന്‍ഡേ ക്യാമ്പിന് ആശ്വാസം. എംഎൽഎമാരുടെ അയോഗ്യത നോട്ടിസിൽ മറുപടി നൽകാനുള്ള സമയ പരിധി സുപ്രീംകോടതി നീട്ടി നൽകി. ജൂലൈ 12 വരെയാണ് പുതിയ സമയം. നേരത്തെ ഇന്ന് ( 27.06.2022 ) വൈകുന്നേരം 5.30നുള്ളിൽ എംഎൽഎമാർ മറുപടി നൽകണമെന്നായിരുന്നു നിർദേശം.
ജൂലൈ 12 വരെ തൽസ്ഥിതി തുടരണമെന്നും മറ്റുനടപടികള്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എംഎൽഎമാർക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും കോടതി മഹാരാഷ്‌ട്ര സർക്കാരിനോട് നിർദേശിച്ചു. സൂര്യകാന്ത്, ജെബി പർദിവാല എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.
16 വിമത എംഎൽഎമാർക്കെതിരെ മഹാരാഷ്‌ട്ര ഡെപ്യൂട്ടി സ്‌പീക്കർ നൽകിയ അയോഗ്യത നോട്ടിസിനെതിരെ ഷിൻഡെ വിഭാഗം ഞായറാഴ്‌ചയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. സേനയുടെ നിയമസഭ കക്ഷി നേതാവായി അജയ് ചൗധരിയെ നിയമിച്ചതും ഷിൻഡെയുടെ ഹർജിയിൽ ചോദ്യം ചെയ്യ്തിരുന്നു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഏക്‌നാഥ് ഷിൻഡെയ്ക്കായും കപിൽ സിബല്‍ മഹാവികാസ് അഘാഡിക്ക് വേണ്ടിയും ഹാജരായി.
അതേസമയം തിങ്കളാഴ്‌ച ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ വിമത എംഎൽഎമാരുടെ യോഗം ഷിൻഡെ വിളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ ഷിൻഡെ വിഭാഗം ആരംഭിച്ചതായാണ് റിപ്പോർട്ടുകള്‍. ഇത് സംബന്ധിച്ച് നിയമസഭ സെക്രട്ടറിക്കും കത്ത് നൽകിയതായാണ് വിവരം.