മുംബൈ: ഏക്‌നാഥ് ഷിൻഡെ നിയമസഭ കക്ഷി അധ്യക്ഷനായി തുടരുമെന്ന് പ്രമേയം പാസാക്കി വിമത എംഎൽഎമാർ. 34 വിമതർ ഒപ്പിട്ട പ്രമേയം മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരിക്ക് അയച്ചു. രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തതോടെ ഷിൻഡെയെ പാർട്ടിയുടെ നിയമസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ശിവസേന പുറത്താക്കിയിരുന്നു.
ഇതിന് ബദലായാണ് പ്രമേയം പാസാക്കി വിമത എംഎൽഎമാരുടെ തിരിച്ചടി. ശിവസേനയുടെ ചീഫ് വിപ്പായി ഭരത് ഗോഗവാലെയെ നിയമിച്ചതായും ഗവർണർക്കയച്ച പ്രമേയത്തിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ശിവസേനയുടെ ആശയങ്ങൾ വിട്ടുവീഴ്‌ച ചെയ്യപ്പെടുകയാണെന്നാണ് പ്രമേയത്തിലെ കുറ്റപ്പെടുത്തൽ.
ജയിലിൽ കഴിയുന്ന അനിൽ ദേശ്‌മുഖിനെയും നവാബ് മാലിക്കിനെയും പരാമർശിച്ച് സർക്കാരിൽ അഴിമതിയുണ്ടായെന്നും എംഎൽഎമാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയുടെ ചീഫ് വിപ്പായി ഭരത് ഗോഗവാലെയെ നിയമിച്ചതിനാൽ നിയമസഭ കക്ഷി യോഗം സംബന്ധിച്ച് സുനിൽ പ്രഭു പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞു.
നിലവിൽ ഷിൻഡെയും സംഘവും ഗുവഹത്തിയിലെ ഹോട്ടലിൽ തുടരുകയാണ്. 24 മണിക്കൂറും കേന്ദ്ര - സംസ്ഥാന സുരക്ഷയാണ് ഹോട്ടലിന് കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത്. ഷിൻഡെ മാധ്യമങ്ങളെ കണ്ടേക്കും എന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം വിമതർ മുന്നിലെത്തി രാജി ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയാമെന്ന നിലപാടിലാണ് ഉദ്ധവ് താക്കറെ. ബുധനാഴ്‌ച ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും ഷിൻഡെയ്ക്കുള്ള മറുപടിയായി താക്കറെ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉദ്ധവ് താക്കറെ ബുധനാഴ്‌ച രാത്രിയോടെ ഒഴിഞ്ഞിരുന്നു. ഔദ്യോഗിക വസതിയായ 'വർഷ'യിൽ നിന്ന് ബാഗുകൾ ഉള്‍പ്പടെയുള്ളവ ഇന്നലെ നീക്കം ചെയ്‌തു. സ്വന്തം വീടായ മാതോശ്രീയിലേക്കാണ് ഉദ്ധവ് താക്കറെയും കുടുംബവും മടങ്ങിയത്.