മുംബൈ: മഹാരാഷ്‌ട്രയിൽ ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരും ചിത്രവും വെളിപ്പെടുത്തിയതിന് ശിവസേന എംപി സഞ്ജയ് റാവത്തിനെതിരെ മഹാരാഷ്‌ട്ര പൊലീസ് കേസെടുത്തു. പരിക്കേറ്റ പെൺകുട്ടിയുടെ ചിത്രം ശനിയാഴ്‌ച സഞ്‌ജയ് ട്വീറ്റ് ചെയ്‌തിരുന്നു. മാർച്ച് അഞ്ചിനാണ് പർധി സമുദായത്തിലെ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തത്.
അടുത്ത ദിവസം പ്രതി പെൺകുട്ടിയെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ സോലാപൂർ ജില്ലയിലെ ബെലവാഡി, ബർഷി സ്വദേശികളായ അക്ഷയ് വിനായക് മാനെ (23), നാംദേവ് സിദ്ധേശ്വർ ദൽവി (24) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ട്വീറ്റ് പണിയായി: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ടാഗ് ചെയ്‌തുകൊണ്ടുള്ള ട്വീറ്റിൽ ബിജെപി സ്‌പോൺസേഡ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് സഞ്‌ജയ് റാവത്ത് പറഞ്ഞു. ഉന്നത കുടുംബത്തിലുള്ള അംഗമല്ല എന്നത് കൊണ്ട് പെൺകുട്ടിയുടെ കേസ് അവഗണിക്കരുതെന്നും മാർച്ച് അഞ്ചിന് നടന്ന അപകടത്തിന് ഇതുവരെയും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ ചിത്രം ചേർത്തുള്ള റാവത്തിന്‍റെ ട്വീറ്റിനെ ബിജെപി നേതാവ് ചിത്ര വാഗ് വിമർശിച്ചു.
നടപടി ആവശ്യപ്പെട്ട് ചിത്ര വാഗ് : റാവത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ചിത്ര വാഗ് മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ആഭ്യന്തര വകുപ്പിനെയും ടാഗ് ചെയ്‌ത് ട്വീറ്റ് കുറിച്ചിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ട്വിറ്ററിൽ വെളിപ്പെടുത്തിയതിന് ശിവസേന എംപിക്കെതിരെ ബർഷി പൊലീസ് കേസെടുത്തതായി പൊലീസ് സൂപ്രണ്ട് ശിരീഷ് സർദേശ് പാണ്ഡെ പറഞ്ഞു.
also read: വണ്‍ റാങ്ക്, വണ്‍ പെൻഷൻ: 'എന്താണ് ഇത്ര രഹസ്യം?' മുദ്രവച്ച കവര്‍ തിരിച്ചയച്ച് സുപ്രീംകോടതി
ആക്രമണത്തിനിരയായ പെൺകുട്ടിയുടെ തലയിലും കൈയിലും സാരമായ പരിക്കുകൾ ഉണ്ടെന്നും വലതുകൈയുടെ വിരലുകൾക്ക് പൊട്ടലുണ്ടെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടി നിലവിൽ സോലാപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പ്രതികൾക്ക് കഠിന ശിക്ഷ തന്നെ ലഭിക്കണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. പ്രതികളെ അതിവേഗ കോടതിയിൽ വിചാരണ ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസ്: പത്രചൗൾ ഭൂമി അഴിമതി കേസിൽ പ്രതിയായിരുന്നു സഞ്‌ജയ് റാവത്ത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് 1,034 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് കഴിഞ്ഞ വർഷം ഓഗസ്‌റ്റ് ഒന്നിനാണ് സഞ്‌ജയ് റാവത്തിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തത്. അന്വേഷണത്തിൽ റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്നും കണക്കിൽപ്പെടാത്ത 1.08 കോടി രൂപ ഇഡി കണ്ടെത്തുകയും ചെയ്‌തിരുന്നു.
also read: അമൃത് പാൽ സിങ്ങിനെ കൊന്നിരിക്കാമെന്ന് ട്വീറ്റ്: സംഗ്രൂർ എം പിയുടെ ട്വിറ്റർ ഹാൻഡിൽ ബ്ലോക്ക് ചെയ്‌തു
റാവത്തിന്‍റെ വസതിയിൽ നടത്തിയ റെയ്‌ഡിൽ 11.50 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. പത്രചൗളിയിലെ വീടുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് കേസ്.