മുംബൈ: കൊവിഡ് രണ്ടാം തരംഗം ഏറ്റവുമധികം നാശം വിതച്ച മഹാരാഷ്ട്രയിൽ മൂന്നാം തരംഗത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് സർക്കാർ. കൊറോണയുടെ മൂന്നാം തരംഗം ഏറ്റവുമധികം അപകടമുണ്ടാക്കുക കുട്ടികളിലാണെന്ന വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് സംസ്ഥാനത്ത് കുട്ടികൾക്കായുള്ള പ്രത്യേക കൊവിഡ് കെയർ സെന്‍റർ സജ്ജമാക്കാൻ സർക്കാർ തീരുമാനിച്ചു.
മുംബൈയിലെ വാർലിയിലാണ് 500 കിടക്കകളുള്ള പീഡിയാട്രിക് കൊവിഡ് സെന്‍റർ സജ്ജമാക്കുന്നത്. ഇതിൽ 70 ശതമാനവും ഓക്സിജൻ കിടക്കകളാണ്. 200 ഐസിയു കിടക്കകളും ഉൾപ്പെടുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇവിടെ പരിഗണിക്കുന്നത്. നാസിക്കിലെ ബിറ്റ്കോ ആശുപത്രിയിലും 100 കിടക്കകളുള്ള പീഡിയാട്രിക് കൊവിഡ് സെന്‍റർ സജ്ജമാക്കുന്നുണ്ട്.
ALSO READ: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കല്യാണം; രണ്ട് ലക്ഷം പിഴ ചുമത്തി പൊലീസ്
മുംബൈയിൽ 9 വയസ്സിന് താഴെയുള്ള 12090 കുട്ടികൾക്കും 10 നും 19 നും ഇടയിൽ പ്രായമുള്ള 31050 കുട്ടികൾക്കും ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇതിൽ 9 വയസ്സിന് താഴെയുള്ള 26 കുട്ടികളും 10 നും 19 നും ഇടയിൽ പ്രായമുള്ള 45 കുട്ടികളും മരണപ്പെട്ടു. പൂനെയിൽ 10 വയസിന് താഴെയുള്ള ഇരുപതിനായിരം കുട്ടികളിലും 11 നും 20 നും ഇടയിൽ പ്രായമുള്ള മുപ്പത്തിമൂന്നായിരത്തോളം കുട്ടികളിലും കൊറോണ ബാധിച്ചിട്ടുണ്ട്. നാസിക്കിൽ ഫെബ്രുവരി 16 ന് ശേഷം 12 വയസിന് താഴെയുള്ള 12282 കുട്ടികൾക്കാണ് രോഗം ബാധിച്ചത്.