മുംബൈ: മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിന്‍റെ പേര് പുനര്‍നാമകരണം ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അഹമ്മദ് നഗറിനെ അഹല്യ നഗറായി പുനര്‍നാമകരണം ചെയ്യുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചു. അഹല്യ ദേവി ഹോള്‍ക്കറുടെ ജന്മദിനത്തിലാണ് അഹമ്മദ് നഗറിനെ അഹല്യ നഗറാക്കി മാറ്റുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയിലെമ്പാടും ക്ഷേത്രങ്ങളും 'ധരമശാലകളും' (പൊതു വിശ്രമ കേന്ദ്രങ്ങൾ) പണിയുന്നതിൽ പേരുകേട്ട മറാത്ത മാൾവ രാജ്യത്തെ ഹോൾക്കർ രാജ്ഞി അഹല്യഭായ് ഹോൾക്കറിന്‍റെ ചരമവാർഷിക ദിനത്തില്‍ അഹമ്മദ് നഗറില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അഹമ്മദ് നഗര്‍ എന്ന പേര് അഹല്യ നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ഏറെ കാലമായി ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി സംഘടനകളും രംഗത്തെത്തിയിരുന്നു.
അഹല്യ ദേവി ഹോള്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ കാശിയും ശിവക്ഷേത്രങ്ങളും ഉണ്ടാകുമായിരുന്നില്ലെന്നും അതുകൊണ്ട് അഹമ്മദ് നഗറിന്‍റെ പേര് അഹല്യ നഗറാക്കി മാറ്റണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. പേര് മാറ്റത്തിലൂടെ അഹല്യ നഗറിന്‍റെ യശസ് ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഔറംഗാബാദിനെ ഛത്രപതി സംഭാജിനഗര്‍ എന്നും ഒസ്‌മാനാബാദിനെ ധാരാശിഖ് എന്നുമാക്കി മാറ്റിയതിന് പിന്നാലെ അഹമ്മദ് നഗറിനെ അഹല്യ നഗറാക്കി മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നുവെന്നും പൊതു ജനങ്ങളുടെയും സംഘടനകളുടെയും ആവശ്യ പ്രകാരമാണ് നഗരത്തിന്‍റെ പേര് പുനര്‍നാമകരണം ചെയ്‌തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പേര് പുനര്‍നാമകരണത്തിന് പ്രേരിപ്പിച്ച് ബിജെപി: ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മഹാരാഷ്‌ട്രയിലെ ഔറംഗാബാദിന്‍റെയും ഒസ്‌മാനാബാദിന്‍റെയും പേരുകള്‍ ഛത്രപതി സംഭാജി നഗര്‍, ധാരാശിഖ് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ അഹമ്മദ് നഗറിന്‍റെ പേര് അഹല്യ നഗറാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനത പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ഔറംഗാബാദിന്‍റെയും ഒസ്‌മാനാബാദിന്‍റെയും പേരുകള്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പുനര്‍നാമകരണം ചെയ്‌തത് സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണെന്നും നേതാക്കള്‍ പറഞ്ഞു.
മറാത്ത സാമ്രാജ്യത്തിന്‍റെ പാരമ്പര്യ കുലീന രാജ്ഞിയായ അഹല്യ ഭായ് ഹോള്‍ക്കര്‍ ജനിച്ചത് അഹമ്മദ് നഗര്‍ ജില്ലയിലെ ചോണ്ടി ഗ്രാമത്തില്‍ നിന്നാണെന്നും അതുകൊണ്ട് ജില്ലയ്‌ക്ക് അഹല്യ നഗര്‍ എന്ന് പേര് നല്‍കണമെന്നുമാണ് ബിജെപിയുടെ വാദം.
ഔറംഗാബാദിനും ഒസ്‌മാനബാദിനും പുതിയ പേര്: ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഔറംഗാബാദ്, ഒസ്‌മാനബാദ് നഗരങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടതായും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അതിന് അംഗീകാരം ലഭിച്ചതായും പ്രഖ്യാപിച്ചത്. ഇരു നഗരങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും നന്ദി അറിയിച്ച് ഷിന്‍ഡെ ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. പുനര്‍ നാമകരണത്തിനുള്ള കേന്ദ്രത്തിന്‍റെ അനുമതി പത്രവും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ട്വിറ്ററില്‍ പങ്കിട്ടു.
പുനര്‍നാമകരണത്തില്‍ ഉയര്‍ന്ന പ്രതിഷേധം: മഹാരാഷ്‌ട്രയിലെ പ്രധാനപ്പെട്ട രണ്ട് ജില്ലകളിലെ പേരുകള്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ട സംഭവത്തില്‍ ഔറംഗാബാദില്‍ നിന്നുള്ള എഐഎംഐഎം (ഓള്‍ ഇന്ത്യ മജ്‌ലിസ് -ഇ- ഇത്തേഹാദുല്‍ മുസ്‌ലിമീന്‍) എംപി രംഗത്തെത്തിയിരുന്നു. ഔറംഗാബാദിന്‍റെ പേര് പുനര്‍നാമകരണം ചെയ്‌തെങ്കിലും അത് അന്നും ഇന്നും ഞങ്ങളുടെ നഗരമാണെന്നും നഗരത്തിന്‍റെ ശക്തി പ്രകടനത്തിനായി കാത്തിരിക്കുകയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മാത്രമല്ല ജില്ലകളുടെ പേരില്‍ രാഷ്‌ട്രീയ നീക്കം നടത്തുന്ന ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.