മുംബൈ : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നാല് പ്രവർത്തകർ മഹാരാഷ്‌ട്രയിൽ അറസ്‌റ്റിൽ. റായ്‌ഗഡ് ജില്ലയിലെ പൻവേലിൽ നിന്നാണ് ഇവരെ പിടികൂടിയത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്‍റേതാണ് നടപടി.
പ്രാദേശിക അംഗവും യൂണിറ്റ് സെക്രട്ടറിയും ഉൾപ്പടെയുള്ളവരാണ് അറസ്‌റ്റിലായത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. പിഎഫ്‌ഐ പ്രവർത്തകര്‍ യോഗം ചേരുന്നത് സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ഇതേതുടർന്ന് നടത്തിയ തിരച്ചിലാണ് ഇവരെ പിടികൂടിയത്. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമ പ്രകാരമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വ്യക്തമാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഐഎസ്‌ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം പിഎഫ്‌ഐയെയും പോഷക സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്‌ഡുകളിൽ നിരവധി നേതാക്കളെയും പ്രവർത്തകരെയുമാണ് അറസ്‌റ്റ് ചെയ്‌തത്.