മുംബൈ: ഡോക്ടർമാരെ രോഗിയുടെ ബന്ധുക്കളിൽ നിന്നുള്ള ആക്രമണത്തിൽ നിന്നു സംരക്ഷിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ ഗൗരവപരമായി ഇടപെടുന്നില്ലെന്ന് മുംബൈ ഹൈക്കോടതി.
മെയ് 13 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ജിഎസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ച് പരാമർശം നടത്തിയത്.
മെയ് 13നു പുറപ്പെടുവിച്ച ഉത്തരവിൽ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും നേരെയുള്ള ആക്രമണ കേസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറുകളുടെ എണ്ണവും അവരെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികളും കോടതിയെ അറിയിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു.
Also read: ടൗട്ടെ ചുഴലിക്കാറ്റ്; മുംബൈ തീരത്ത് ആശ്വാസം
എന്നാൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംസ്ഥാനത്തൊട്ടാകെ 436 കേസുകൾ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും അത്തരം കേസുകളുടെ സമയപരിധിയോ വിശദാംശങ്ങളോ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ഹൈക്കോടതി പറഞ്ഞു. മുൻ ഉത്തരവിൽ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങളൊന്നും സത്യവാങ്മൂലത്തിൽ പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
ഡോക്ടർമാരെ സംരക്ഷിക്കുന്നതിൽ സംസ്ഥാനം ഗൗരവകരമായ ഇടപെടൽ നടത്തുന്നില്ല എന്നു പറഞ്ഞ കോടതി അടുത്ത ആഴ്ചയോടെ അധിക സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ആരോഗ്യപരിപാലന വിദഗ്ധർക്കെതിരായ അതിക്രമങ്ങൾ തടയാൻ ജുഡീഷ്യൽ ഇടപെടൽ ആവശ്യപ്പെട്ട് ഡോ. രാജീവ് ജോഷി സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി പരിഗണിച്ചാണ് സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നത്.