മുംബൈ: ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സർക്കാർ തകരുമെന്ന് ബിജെപി. കൂട്ട് കക്ഷി സർക്കാരിന്‍റെ ഏകോപനമില്ലായ്മ കാരണം ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ തകരുമെന്ന് ബിജെപി നേതാവ് പ്രവീൺ ദാരേക്കർ പറഞ്ഞു. സർക്കാർ വീണാൽ ഉടൻ തന്നെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. ആരുമായിട്ടാണ് സഖ്യം എന്ന് ദാരേക്കര്‍ വ്യക്തമാക്കിയിട്ടില്ല.
നേരത്തെ രണ്ടു മൂന്നു മാസത്തിനകം ബിജെപി മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യവിതരണമന്ത്രി റോസാഹബ് പാട്ടിൽ ദൻവേ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിൽ വരില്ലെന്ന് ബിജെപി പ്രവർത്തകർ കരുതരുത്. കണക്കുകളിലാണ് കാര്യം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കഴിയുന്നതിനായി കാത്തിരിക്കുകയാണെന്നും ദൻവേ പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഒക്ടോബർ 23ന് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ബിജെപി സർക്കാർ രൂപീകരിച്ചിരുന്നു. എൻസിപിയിലെ അജിത് പവാറായിരുന്നു ഉപമുഖ്യമന്ത്രി. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ എംഎൽഎമാരെ കൂടെ നിർത്താൻ സാധിക്കാതിരുന്നതിനാൽ അജിത് പവാർ രാജിവച്ചു. പിന്നാലെ ഫഡ്‌നാവിസും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.