മുംബൈ: മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ നിയന്ത്രണങ്ങൾ ഫലം കാണാതെ വന്നാൽ രണ്ട് ദിവസത്തിനുള്ളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി വിജയ് വാഡെറ്റിവാർ പറഞ്ഞു. ഡൽഹിയിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ തലസ്ഥാനത്തെ സ്ഥിതിഗതികൾ പഠിച്ച ശേഷമാകും തീരുമാനം.
Read more: മുംബൈ നഗരത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ
നിലവിലെ കർഫ്യൂ പ്രതീക്ഷിച്ച പോലെ ഫലപ്രദമല്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ആലോചിച്ചാകും മുഖ്യമന്ത്രി ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. കച്ചവടക്കാരും വ്യാപരികളും ആദ്യഘട്ടത്തിൽ ലോക്ക്ഡൗണിന് എതിരായിരുന്നുവെങ്കിലും നിലവിൽ അവർ സ്വാഗതം ചെയ്യുന്ന നിലപാടിലെത്തി.
ഡൽഹിയിൽ അവശ്യ സേവനങ്ങളും ട്രെയിൻ സർവീസുകളും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 14 മുതൽ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് മഹാരാഷ്‌ട്ര സർക്കാർ ഏർപ്പെടുത്തിയത്. അഞ്ചോ അതിൽ കൂടുതലോ ആളുകൾ ഒത്തുചേരുന്നത് സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.